ഷാർജ: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ഷാർജയിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതലാണ് മത്സരം. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റ പിൻബലത്തിൽ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തകർക്കാനായതിന്റെ ആത്മ വിശ്വാസവുമായാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബിനെതിരെ കളത്തിലിറങ്ങുന്നത്. മറുവശത്ത് നായകൻ കെ.എൽ. രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തിയാണ് പഞ്ചാബ് വരുന്നത്.
നോട്ട് ദ പോയിന്റ്
ഈ സീസണിൽ ഇരുന്നൂറിലധികം റൺസ് ഒരിന്നിംഗ്സിൽ സ്കോർ ചെയ്തിട്ടുള്ള ടീമുകൾ മുഖാമുഖം വരുന്ന മത്സരമായതിനാൽ ഇന്ന് ഷാർജയിൽ റൺസ് ഒഴുകുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രത്യേകിച്ച് ഷാർജ സ്റ്റേഡിയത്തിലെ ബൗണ്ടറികൾക്ക് വലിയ അകലം ഇല്ലാത്ത സാഹചര്യത്തിൽ
രാജസ്ഥാൻ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ സിക്സുകളുടെ ചിറകിലേറി കുതിച്ചത് ഈ മൈതാനത്താണ്.
ക്വാറന്റൈൻ കാലാവധി കഴിഞ്ഞ ജോസ് ബട്ട്ലർ ഇന്ന് രാജസ്ഥാൻ നിരയിൽ കളിക്കാനിറങ്ങിയാൽ ടോം കറനോ ഡേവിഡ് മില്ലറോ പുറത്തിരിക്കേണ്ടി വരും
പഞ്ചാബ് നിരയിൽസൂപ്പർ താരം ക്രിസ് ഗെയ്ൽ ഇന്ന് കളിക്കാൻ സാധ്യതയുണ്ട്. നെറ്റ്സിൽ അദ്ദേഹം നല്ല ഫോമിൽ ബാറ്റ് ചെയ്തിരുന്നു. എന്നാൽ മായങ്കും രാഹുലും ഓപ്പണിംഗ് സ്ലോട്ടിൽ ഫിറ്റായതിനാൽ ഗെയ്ലിനെ ഉൾപ്പെടുത്തൽ തലവേദനയാണ്. മായങ്കിനെ വൺഡൗണാക്കി പൂരനെ പുറത്തിരുത്തി ഗെയ്ലിനെ ഓപ്പണിംഗ് സ്ഥനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതയാണ് പഞ്ചാബ് മാനേജ്മെന്റ് പരിഗണിക്കുന്നത്
ഐ.പി.എല്ലിൽ 100 സിക്സുകൾ എന്ന നേട്ടം സ്വന്തമാക്കാൻ സഞ്ജുവിന് രണ്ട് സിക്സുകൾ കൂടി മതി.മാക്സ്വെല്ലിന് ഒൻപതും.
രാജസ്ഥാന്റെ ജോഫ്ര ആർച്ചറുടെ മികച്ച ബൗളിംഗ് പ്രകടനം പഞ്ചാബിനെതിരെയാണ് (3/15 2019ൽ).
2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഐ.പി.എല്ലിൽ ഏറ്രവും മികച്ച ആവറേജുള്ള (50.8) ഓപ്പണിംഗ് ജോഡി പഞ്ചാബിന്റേതാണ്.