ശബരിമല: അയ്യപ്പസ്വാമിയെപ്പറ്റി ആയിരത്തിലധികം ഗാനങ്ങൾ പാടിയ ഭക്തനായിരുന്നു എസ്. പി ബാലസുബ്രഹ്മണ്യം. സംസ്ഥാന സർക്കാരിന്റെ ഹരിവരാസന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 2015 ജൂൺ 20 ന് പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ അദ്ദേഹം വികാരനിർഭരനായാണ് സംസാരിച്ചത്.
. ദർശനം നടത്തണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും തിരക്കുകൾ കാരണം മാറ്റി വയ്ക്കുകയായിരുന്നെന്നും ഒടുവിൽ ഭഗവാനാണ് വിളിച്ചുവരത്തിയതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വലിയ നടപ്പന്തലിൽ അന്നത്തെ ദേവസ്വം മന്ത്രി വി. എസ്. ശിവകുമാറാണ് പുരസ്കാരം നൽകിയത്. കന്നിസ്വാമിയായി മലചവിട്ടി ഭഗവാനെ കൺകുളിർക്കെ കണ്ട് ആയിരക്കണക്കിന് ഭക്തരുടെ സ്നേഹാദരം ഏറ്റുവാങ്ങി... തലേ ദിവസം പമ്പയിൽ എത്തിയപ്പോഴാണ് അറിയുന്നത് ഡോളിയിലാണ് മലകയറ്റമെന്ന്. മനുഷ്യൻ തന്നെ ചുമന്നുകൊണ്ടാണ് പോകുന്നതെന്ന് മനസിലാക്കിയതോടെ ആദ്യം അയ്യപ്പസ്വാമിയോട് മലമുകളിലേക്ക് കൈകൂപ്പിനിന്ന് ക്ഷമചോദിച്ചു. ചുമക്കുന്ന തൊഴിലാളികളുടെ കാൽപ്പാദത്തിൽ തൊട്ടുനമസ്കരിച്ച ശേഷമായിരുന്നു ഡോളിയിൽ കയറിയിരുന്നത്. ശബരിലമലയിൽ എത്തി വിശ്രമിച്ച അദ്ദേഹം 20 ന് രാവിലെ ഉഷഃപൂജതൊഴുതപ്പോൾ അയ്യപ്പസ്വാമിയുടെ വിഗ്രഹം കണ്ട് തൊഴാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ആമുഖത്ത് പ്രകടമായിരുന്നു. മലയാളികൾക്കൊപ്പം ആന്ധ്ര, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും എത്തിയ എസ്. പി യുടെ വലിയൊരു ആരാധകവൃന്ദമാണ് പുരസ്കാര സമർപ്പണത്തിന് സാക്ഷികളായത്. പുരസ്കാരം ഏറ്റുവാങ്ങിയ വാങ്ങിയ ശേഷം അയ്യപ്പസ്വാമിയെക്കുറിച്ച് വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ അദ്ദേഹം പാടി. തിരികെ ഡോളിയിൽ മലയിറങ്ങി പമ്പയിൽ എത്തിയപ്പോഴും ഡോളി ചുമന്നവരുടെ കാൽപ്പാദം തൊട്ടുണങ്ങി. വിനയാന്വിതനായ ആ വലിയ ഗായകൻ ശബരിമല ഭക്തരുടെ ഒാർമ്മയിൽ എന്നും ഉണ്ടാവും.