ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്രൈറ്റണെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 3-2ന്റെ നാടകീയ ജയം. റഫറി ക്രിസ് കവനാഹ് ഫൈനൽ വിസിൽ മുഴക്കിയ ശേഷം വാറിന്റെ സഹായത്തോടെ അനുവദിക്കപ്പെട്ട പെനാൽറ്റി ഗോളാക്കിയാണ് യുണൈറ്റഡ് ബ്രൈറ്റണെതിരെ ജയം എവേ സ്വന്തമാക്കിയത്. നാല്പതാം മിനിട്ടിൽ നീൽ മർഫിയുടെ ഗോളിൽ ബ്രൈറ്റണാണ് ആദ്യം ലീഡ് നേടിയത്.
എന്നാൽ മൂന്ന് മിനിട്ടിന് ശേഷം ബ്രൈറ്റൺ താരം ലൂയിസ് ഡങ്കിന്റെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെ മാഞ്ചസ്റ്റർ സമനില പിടിച്ചു. അമ്പത്തിയഞ്ചാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡ് മാഞ്ചസ്റ്ററിന് ലീഡ് നേടിക്കൊടുത്തു. തുടർന്ന് രണ്ടാം പകുതിയുടെ അധിക സമയത്ത് സോളി മാർച്ച് പോസ്റ്റിന് തൊട്ടു മുന്നിൽ വച്ച് തൊടുത്ത ഹെഡ്ഡറിലൂടെ ബ്രൈറ്റൺ സമനില പിടിച്ചു. എന്നാൽ റഫറി ഫൈനൽ വിസിൽ മുഴക്കുന്നതിന് തൊട്ടുമുൻപ് ഹാരി മഗ്വേർ ബ്രൈറ്റണിന്റെ ഗോൾ മുഖത്തേക്ക് തൊടുത്ത ഹെഡ്ഡർ തടുക്കാനുള്ള നീൽ മർഫിയുടെ ശ്രമം ഹാൻഡ് ബാളായെന്നുള്ള മാഞ്ചസ്റ്റർ താരങ്ങളുടെ വാദം പരിശോധിക്കാൻ റഫറി വാറിന്റെ സഹായം തേടുകയായിരുന്നു.
ഫൈനൽ വിസിലിനു ശേഷമാണ് റഫറി വാറിന്റെ സഹായം തേടിയത്. വീഡിയോ റീപ്ലേയിൽ പന്ത് മർഫിയുടെ കൈയിൽ കൊണ്ടതായി വ്യക്തമായി.
കിക്കെടുത്ത ബ്രൂണോ ഫെർണാണ്ടസ് പിഴവേതുമില്ലാതെ പന്ത് വലയിലെത്തിച്ച് മാഞ്ചസ്റ്ററിന് ജയം സമ്മാനിക്കുകയായിരുന്നു. തോറ്റെങ്കിലും മത്സരത്തിൽ മാഞ്ചസ്റ്ററിനേക്കാൾ മികച്ച പ്രകടനം പുറത്തെടുത്തത് ബ്രൈറ്റണായിരുന്നു. ബ്രൈറ്റൺ താരങ്ങളുടെ അഞ്ചോളം ശ്രമങ്ങൾ ഗോൾ പോസ്റ്റിൽ തട്ടിമടങ്ങി. ഒരു പൊൽറ്റി അപ്പീൽ വാർ നിഷേധിച്ചു. മറ്റൊരു മത്സരത്തിൽ എവർട്ടൺ 2-1ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി.
ബാഴ്സലോണ ഇന്നിറങ്ങുന്നു
മെസിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടേയും സുവാരസിനെപ്പോലുള്ള സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞു പോക്കിന്റെയും പശ്ചാത്തലത്തിൽ ബാഴ്സലോണ ലാലിഗയിൽ ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ സ്വന്തം തട്ടകത്തിൽ വിയ്യാറയലിനെ നേരിടും.