പാരിസ് : കളിമൺ കോർട്ട് വേദിയാകുന്ന ഏകഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിലെ പോരാട്ടങ്ങൾക്ക് ഇന്ന് റോളാങ് ഗാരോസിൽ ഇന്ന് തുടക്കമാകും. സാധാരണ മേയ് - ജൂൺ മാസങ്ങളിൽ നടക്കേണ്ട ടൂർണമെന്റ് കൊവിഡ് വ്യാപനത്തേ തുടർന്നാണ് നീട്ടിവച്ചിരുന്നത്. ആയിരം കാണികളെ മത്സരം കാണാൻ പ്രവേശിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 2.30 മുതൽ മത്സരങ്ങൾ തുടങ്ങും. ഈ മാസം ഇരുപത്തിയൊന്നു മുതൽ സീഡില്ലാ താരങ്ങളുടെ യോഗ്യതാ പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു. ഇതിനു മുൻപ് നടന്ന യു.എസ് ഓപ്പണിൽ കളിക്കാത്ത ചില സൂപ്പർ താരങ്ങൾ ഫ്രഞ്ച് ഓപ്പണിൽ മാറ്റുരയ്ക്കാനെത്തുന്നുണ്ട്. കളിമൺ കോർട്ടിന്റെ രാജകുമാരനെന്നറിയപ്പെടുന്ന നിലവിലെ ചാമ്പ്യൻ റാഫേൽ നദാലാണ് അതിൽ പ്രമുഖൻ. 12 കിരീടങ്ങൾ ഇവിടെ സ്വന്തമാക്കി കഴിഞ്ഞ നദാലാണ് ഏറ്റവും കൂടുതൽ ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയ താരം.
ജെറാസിമോവാണ് ആദ്യ റൗണ്ടിൽ നദാലിന്റെ എതിരാളി. യു.എസ് ഓപ്പൺ ചാമ്പ്യൻ ഡൊമിനിക്ക് തീമിന് ആദ്യ റൗണ്ടിൽ മാരിൻ ചിലിച്ചിന്റെ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടത്. ആൻഡ് മുറെ, അലക്സാണ്ടർ സ്വരേവ്, കെയ് നിഷിക്കോറി, വീനസ് വില്യംസ്, വിക്ടോറിയ അസരങ്ക, സിമോണ ഹാലപ്പ് എന്നിവർക്കെല്ലാം ഇന്ന് മത്സരമുണ്ട്.