ശുഭ് മാൻ ഗില്ലിന് അർദ്ധ സെഞ്ച്വറി
ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 7 വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി. ആദ്യം ബാറ്റിംഗിനിറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഇരുപതോവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊൽക്കത്ത 18 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (145/3). രണ്ട് മത്സരങ്ങൾ കളിച്ചു കഴിഞ്ഞ കൊൽക്കത്തയുടെ ആദ്യ ജയമാണിത്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ സൺറൈസേഴ്സ് മാത്രമാണ് ഇതുവരെ പോയിന്റ് അക്കൗണ്ട് തുറക്കാത്തത്.
അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മാൻ ഗില്ലും (62 പന്തിൽ 70), 29 പന്തിൽ 42 റൺസ് നേടിയ ഒയിൻ മോർഗനുമാണ് കൊൽക്കത്തയുടെ ചേസിംഗ് അനായാസാം ആക്കിയത്. 5 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ശുഭ്മാന്റെ ഇന്നിംഗ്സ്. മോർഗൻ മൂന്ന് ഫോറും 2 സിക്സും നേടി. നിതീഷ് റാണ 13 പന്തിൽ 6 ഫോറുൾപ്പെടെ 26 റൺസ് നേടി. നായകൻ ദിനേഷ് കാർത്തിക്കും ഓപ്പണർ സുനിൽ നരെയ്നും പൂജ്യൻമാരായി പുറത്തായി. ഖലീൽ അഹമ്മദ്, റഷീദ് ഖാൻ, നടരാജൻ എന്നിവർ സൺറൈസേഴ്സിനായി ഒാരോവിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്ടൻ ഡേവിഡ് വാർണർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീം സ്കോർ 24 ൽ എത്തിയപ്പോൾ ബെയർസ്റ്റോയെ (5) സൺറൈസേഴ്സിന് നഷ്ടമായി. പാറ്റ് കുമ്മിൻസ് ബെയർസ്റ്റോയെ ക്ലീൻബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മനീഷ് പാണ്ഡെ (51) വാർണർക്കൊപ്പം ടീം സ്കോർ മുന്നോട്ടു കൊണ്ടുപോയി. 30 പന്തിൽ 36 റൺസെടുത്ത വാർണറെ സ്വന്തം ബൗളിംഗിൽ പിടികൂടി വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ വൃദ്ധിമാൻ സാഹ (30) പാണ്ഡേയ്ക്കൊപ്പം ക്രീസിൽ പിടിച്ചു നിന്നു. പാണ്ഡെ 38 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെയാണ് 51 റൺസ് നേടിയത്. സാഹ ഒന്നു വീതം സിക്സും ഫോറും നേടി. മൊഹമ്മദ് നബി(11), അഭിഷേക് ശർമ്മ (2) എന്നിവർ പുറത്താകാതെ നിന്നു. പാറ്റ് കുമ്മിൻസ്, വരുൺ ചക്രവർത്തി, ആന്ദ്രേ റസ്സൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.