പെരുമ്പാവൂർ: ഇല്ലിത്തോട് പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കാലടി പൊലീസ് അറസ്റ്റുചെയ്തു. പാറമടയുടെ മാനേജരിൽ ഒരാളായ നടുവട്ടം ഈട്ടുങ്ങപ്പടി രഞ്ജിത് (32), നടുവട്ടം ചെറുകുന്നത്ത് വീട്ടിൽ സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കാലടി എസ്.എച്ച്.ഒ എം.ബി. ലത്തീഫ് , എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, ജോണി കെ പി, എ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മാരായ മനോജ്, മാഹിൻഷാ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറമടക്കു സമീപമുള്ള വീട്ടിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചത്. പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.
കഴിഞ്ഞദിവസം കൊച്ചി റേഞ്ച് ഡി.ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാർ, എസ്.പി. കെ. കാർത്തിക് എന്നിവർ പാറമടയും പരിസരവും സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തി. അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു.