കാസർകോട്: നാല് കിലോയിലധികം കഞ്ചാവുമായി പൊലീസ് പിടിയിലായ യുവാക്കളെ കോടതി നാലുവർഷം കഠിനതടവിനും ഒരുലക്ഷം രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു. നെക്രാജെ പൈക്ക കുഞ്ഞിപ്പാറയിൽ മുഹമ്മദ് ജുനൈസ് (29), നീർച്ചാൽ കന്നിപ്പാടിയിൽ മുഹമ്മദ് മുസ്തഫ (27) എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് (മൂന്ന്) ജഡ്ജ് നിർമ്മല ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവനുഭവിക്കണം. 2017 ഏപ്രിൽ 20 ന് രാവിലെ 11 മണിയോടെ ബെണ്ടിച്ചാൽ മൂടം ബയൽ ബസ് സ്റ്റോപ്പിൽ കഞ്ചാവടങ്ങിയ പൊതികളുമായി നിൽക്കുകയായിരുന്ന പ്രതികളെ വിദ്യാനഗർ എസ്.ഐ ആയിരുന്ന മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നാലു കിലോയും 220 ഗ്രാമുമുള്ള കഞ്ചാവ് കണ്ടെത്തിയത്. അന്നത്തെ സി.ഐ ആയിരുന്ന ബാബു പെരിങ്ങേത്താണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.കെ. ബാലകൃഷ്ണൻ ഹാജരായി. കേസിൽ 7 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും 7 തൊണ്ടിമുതലുകളും തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.