Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

മിഖായേലെന്ന കാവൽ മാലാഖ

nivin

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ദ ഗ്രേറ്റ് ഫാദർ എന്ന സിനിമയ്ക്ക് ശേഷം ഹനീഫ് അദേനി വീണ്ടുമൊരിക്കൽ കൂടി തന്റെ ഇഷ്ടമേഖലയായ ക്രൈം ത്രില്ലറിനെ കൂട്ടുപിടിച്ചിരിക്കുകയാണ് മിഖായേൽ എന്ന പുതിയ സിനിമയിലൂടെ. മമ്മൂട്ടിക്ക് മാസ് പരിവേഷം വീണ്ടും നൽകിയതിന് പിന്നാലെ മിഖായേലിലൂടെ ഇത്തവണ നിവിൻ പോളിയെ മാസ് നായകന്മാരുടെ നിരയിലേക്ക് ഉയർത്തുകയാണ് സംവിധായകൻ. സിനിമയുടെ ടാഗ്‌ലൈൻ പറയുന്നത് പോലെ ഡോക്ടർ മിഖായേൽ എന്ന 'കാവൽ മാലാഖ' തന്റെ സഹോദരിയേയും കുടുംബത്തേയും പകയുടെ ഒരുകൂട്ടം പേരിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന പോരാട്ടമാണ് സിനിമ.


പതിഞ്ഞ വേഗത്തിൽ തുടങ്ങുന്ന സിനിമ കൊലപാതക പരമ്പരകളിലൂടെയും പ്രതികാര നിമിഷങ്ങളിലൂടെയും പ്രേക്ഷകരെ കൊണ്ടുപോകുന്നു. കഥയുടെ ഗതിയെന്താണെന്ന സൂചനകളൊന്നും നൽകാതെയുള്ള ആദ്യ പകുതിയിലെ സിനിമയുടെ സഞ്ചാരഗതി ഓരോ നിമിഷത്തിലും പ്രേക്ഷകനെ ഉദ്വേഗത്തിന്റേയും ആകാംക്ഷയുടേയും മുൾമുനയിലാക്കാൻ പോന്നതാണ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ നായകന്റെ ഇൻട്രോ എപ്പോഴാണെന്നത് സംബന്ധിച്ച് പ്രേക്ഷകർക്ക് യാതൊരു സൂചനയും സംവിധായകൻ നൽകുന്നില്ല. സിനിമ തുടങ്ങി ഏതാണ്ട് 40 മിനിട്ടോളമാകുമ്പോഴാണ് നായകനായ നിവിൻ പോളി അവതരിപ്പിക്കുന്ന ഡോ.ജോൺ മിഖായേൽ രംഗപ്രവേശം ചെയ്യുന്നത് തന്നെ. അവിടെ നിന്ന് അയാളുടെ ജീവിതത്തിലെ അത്ര സുഖകരമല്ലാത്ത കഥയിലേക്കാണ് സിനിമ വെളിച്ചം വീശുന്നത്.

nivin1

രണ്ടാം പകുതി മുഴുവൻ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും പോരാട്ടത്തിന്റേയും സന്ദർഭങ്ങളാണ്.

മിഖായേൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിൻ പോളിയെ ഇരുമുഖങ്ങളുള്ള കഥാപാത്രമായാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. അയാൾ ഇരുമുഖനായി മാറാനുണ്ടായ കാരണങ്ങളും സിനിമ വ്യക്തമായി അനാവരണം ചെയ്യുന്നു. ചോക്കളേറ്റ് നായകന്റെ പരിവേഷത്തിൽ മാസ് ലുക്കിൽ നിവിൻ പോളിയെ ഉയർത്തിക്കാണിക്കുന്നതിനുള്ള ചേരുവകളെല്ലാം സംവിധായകൻ സിനിമയിൽ കാത്തുവച്ചിട്ടുണ്ട്. അദേനി തന്നെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ചിത്രത്തിൽ മാസ് ഡയലോഗുകൾക്കും പഞ്ഞമില്ല. മലയാള സിനിമയെ കിടിലം കൊള്ളിച്ച സംഭാഷണങ്ങൾ എഴുതിയ രഞ്ജി പണിക്കരെ പോലെ മാസ് ഡയലോഗുകൾ കൊണ്ടുവരാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ മാസ് വേഷത്തിൽ നിവിൻ എത്രത്തോളും വിജയമാണെന്ന വിധിയിലെത്തുക പ്രയാസമാണ്. അത് വിലയിരുത്തേണ്ടത് പ്രേക്ഷകരുമാണ്. നിവിന്റെ ആരാധകരെ ആവേശത്തിലാഴ്ത്‌ത്തുന്നതിനുള്ള എല്ലാ ചേരുവകളും സിനിമയിൽ സുലഭമാണ്.

നായകനെ കഴിഞ്ഞാൽ രണ്ടരമണിക്കൂർ കളം നിറഞ്ഞാടുന്നത് വില്ലന്മാരാണ്. മലയാളത്തിലെ എണ്ണം പറഞ്ഞ വില്ലന്മാരിലൊരാളായ സിദ്ധിഖിൽ തുടങ്ങി യുവതാരം ഉണ്ണി മുകുന്ദനിൽ അവസാനിക്കുന്ന വൻ വില്ലൻനിര ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നായകനും വില്ലന്മാരും കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെ വില്ലന്മാർ തമ്മിലുള്ള പകയും പ്രതികാരവും മറ്റൊരുവശത്തും അരങ്ങേറുന്നുണ്ട്. അത്യാധുനികവും ആകർഷണീയവുമായ രീതിയിലുള്ള കാറുകളാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ജോർജ് പീറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധിഖ് ഒന്നാംതരം പ്രകടനമാണ് നടത്തുന്നത്.

മരണം വരുമൊരു നാൾ
ഓർക്കുക മർത്യാ നീ എന്ന് ​സിദ്ധിഖിനെ കൊണ്ട് പറയിക്കുന്നത് തന്നെ ചില സൂചകങ്ങളാണ്. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് ചേരുന്നതായി.

nivin2

'ഒരു വടക്കൻ സെൽഫി' എന്ന സിനിമയ്ക്ക് ശേഷം മഞ്ജിമ മോഹൻ നിവിന്റെ നായികയായെത്തുന്ന ചിത്രമാണിത്. പക്ഷേ,​ മ‌ഞ്ജിമയ്ക്ക് ചിത്രത്തിൽ കാര്യമായി ചെയ്യാനൊന്നുമില്ല. മുഹമ്മദ് ഈസ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ജെ.ഡി.ചക്രവർത്തിയും അസിസ്റ്റന്റായി എത്തുന്ന സുരാജ് വെഞ്ഞാറമൂടും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ തന്റെ സിക്‌സ്‌പായ്ക്ക് ശരീരം കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തും. ബാബു ആന്റണി,​ സുദേവ് നായർ,​ കലാഭവൻ ഷാജോൺ,​ അശോകൻ,​ കെ.പി.എ.സി ലളിത,​ ശാന്തികൃഷ്ണ,​ ജയപ്രകാശ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.


വാൽക്കഷണം: മിഖായേൽ ഡാർക്ക് സീനാണ് ബ്രോ
റേറ്റിംഗ്': 3/5

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MIKHAEL, NIVIN PAULY, HANEEF ADENI
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY