My heart leaps up when I behold
A rainbow in the sky. എന്നു കവി വില്യം വേഡ്സ് വർത്ത് - അതങ്ങനെ തന്നെയായിരുന്നു മുതിർന്നപ്പോഴും... അതങ്ങനെ തന്നെയാവട്ടെ വയസാവുമ്പോഴും എന്നദ്ദേഹം പാടിയത് എത്ര അന്വർത്ഥമാണ്. കുട്ടിക്കാലത്തു കണ്ട ആകാശമെന്ന അദ്ഭുതവും മഴവില്ലുമൊക്കെ ഇന്നും എന്തൊരാനന്ദമാണ് ഉള്ളിൽ നിറയ്ക്കുന്നത്! കുട്ടിയായിരിക്കുമ്പോൾ നീലാകാശം നോക്കിക്കിടക്കാൻ എന്തൊരു കൗതുകമായിരുന്നു. അങ്ങിങ്ങു മേഘത്തുണ്ടുകൾ ഓടിപ്പിടുത്തവും ഒളിച്ചുകളിയും നടത്തുന്ന കുട്ടികളായി സങ്കൽപ്പിച്ച് അവരുടെ കളി കണ്ടു ചിരിക്കും. മേഘങ്ങൾക്കു ശലഭങ്ങളെപ്പോലെ ജീവനുണ്ടെന്നായിരുന്നു സങ്കല്പം. മിന്നാമിന്നികൾ പൂത്തു നിൽക്കുന്ന മുറ്റത്തെ മാവിനിടയിലൂടെ പ്രത്യക്ഷപ്പെടുന്ന ചന്ദ്രനും ആകാശം നിറയെ പൂക്കുന്ന നക്ഷത്രങ്ങളും കാണുക അവധിക്കാലത്തെ പ്രിയപ്പെട്ട വിനോദമായിരുന്നു. ചില ഞായറാഴ്ചകളിൽ അച്ഛൻ ഞങ്ങളെ കടപ്പുറത്തു കൊണ്ടുപോകുമ്പോൾ കാണുന്ന അസ്തമയ സൂര്യൻ പ്രഭ ചൊരിയുന്ന ആകാശത്തിന്റെ അഴക് ! കടൽപ്പാലമായിരുന്നു അന്ന് എന്റെ ലോകാത്ഭുതം. പാലത്തിന്റെ അറ്റത്തു പോയി നിന്നാലും വീണ്ടും സൂര്യൻ അത്രയും തന്നെ അകലെ... മണ്ണുകൊണ്ടു കൊട്ടാരമുണ്ടാക്കി മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിലും അസ്തമയ ശോഭ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരിക്കും. അസ്തമയമടുക്കുമ്പോൾ കളിയെല്ലാം നിറുത്തി ആകാശവും കടലും നോക്കി ഇരിക്കും. സൂര്യൻ പൂർണമായി കടലിൽ താഴുമ്പോൾ ഏതോ വേദന മനസിൽ നിറയും. ഉടൻ തന്നെ അടുത്ത കടൽക്കാഴ്ച ഇനിയെന്നു കാണുമെന്ന ചിന്ത ഉള്ളിൽ നിറയും. മണലിലെ കക്കകളോടും ഞണ്ടുകളോടുമൊക്കെ നിശബ്ദം യാത്ര പറയും. ഇനി അടുത്ത വരവിനു കാണാമെന്ന് കടപ്പുറത്തു നിന്ന് നിലക്കടലപ്പൊതി വാങ്ങുന്നതും എത്ര സന്തോഷമായിരുന്നു. പിന്നെ കടൽപ്പുറത്തെ നനഞ്ഞ കാറ്റിന്റെ മണവും... അഞ്ചു പൈസ കൊടുത്ത് വർണക്കടലാസു വാങ്ങി മുതിർന്ന കുട്ടികൾ കൊണ്ടു വരുന്നതു മുതൽ കടലാസ് സൂക്ഷ്മതയോടെ മുറിച്ച് ഈർക്കിലും പശയും കൊണ്ടു പട്ടമുണ്ടാക്കുന്നതും അതിനു വാലും ചിറകുമൊട്ടിക്കുന്നതുമൊക്കെ നിറഞ്ഞ കൗതുകത്തോടെ നോക്കിയിരിക്കും. പട്ടത്തിന്റെ നൂൽ മുതിർന്ന കുട്ടികളുടെ കൈയിലാവും. എന്നാൽ മറ്റേ അറ്റത്തു നിന്നും പട്ടം പിടിച്ച് പറത്തി വിടുന്നതു ഞങ്ങൾ കൊച്ചു കുട്ടികൾക്കുള്ള ഊഴം. ആഹാ എന്തൊരു ഭംഗി, പട്ടം ആകാശം തൊടുമ്പോൾ! ആകാശത്തിന്റെ അനന്തതയിലേക്കു പറത്തി വിടാനായി കുപ്പിയിൽ ചുണ്ണാമ്പു വെള്ളം കലക്കി സിഗരറ്റ് പാക്കറ്റിലെ അലൂമിനിയം ഫോയിൽ ചുരുട്ടിയിട്ട് അതിനു മുകളിൽ ബലൂണിട്ടു കാത്തിരുന്ന കുട്ടിക്കാലത്ത്, അറിയാത്ത ആകാശങ്ങളെ തൊടുന്ന ബലൂണിനോട് തെല്ലൊരു അസൂയയും തോന്നിയിരുന്നു.
മുല്ലയ്ക്കൽ അമ്പലത്തിലെ ചിറപ്പിന്, വാണവും ആകാശത്തു പൂക്കൾ വിരിയിയ്ക്കുന്ന അമിട്ടും കാണുന്നത് എന്തൊരു അദ്ഭുതവും സന്തോഷവുമായിരുന്നു. എന്നാൽ മുതിർന്നപ്പോൾ വെടിക്കെട്ടിൽ പതിയിരിക്കുന്ന അപകടങ്ങളും മലിനീകരണവും നിയമലംഘനങ്ങളും അതിന്റെ ശോഭയും അദ്ഭുതവും പാടേ ചോർത്തിക്കളഞ്ഞു. ചന്ദ്രനിൽ ആദ്യം മനുഷ്യനിറങ്ങിയ അദ്ഭുതം പത്രത്തിൽ വന്നത് എന്റെ മനസിൽ നിറച്ച അദ്ഭുതത്തിന് അതിരില്ല. നീൽ ആംസ്ട്രോംഗിനോളം കരുത്തുള്ള മനുഷ്യൻ മറ്റു വേറെയില്ല എന്നാണ് അന്നു കരുതിയത്. തിണ്ണയിൽ മലർന്നു കിടക്കുമ്പോൾ മുറ്റത്തെ മാവിന്റെ പിന്നിൽ കാണുന്ന ചന്ദ്രനെ നോക്കി അതിൽ നീൽ ആംസ്ട്രോംഗിന്റെ അപ്പോളോയെ സങ്കൽപ്പിക്കും. മുറ്റത്തു പൂത്തു നിൽക്കുന്ന പവിഴമല്ലികളുടെ നേർത്ത സുഗന്ധം ആ സമയമുണ്ടാകും. ഇതു പോലെ മനോഹരഗന്ധമുള്ള പൂക്കൾ ചന്ദ്രനിലുണ്ടാകുമോ എന്നാലോചിക്കും. അവിടെ ജീവനുണ്ടെന്നും ഇല്ലെന്നും കുട്ടികൾ തമ്മിൽ തർക്കമുണ്ടാകും. എല്ലാ ചോദ്യങ്ങൾക്കും വിരൽത്തുമ്പിൽ ഗൂഗിൾ ഉത്തരം നൽകുന്ന ഇന്നത്തെ ബാല്യവും അന്നത്തെ ബാല്യവും തമ്മിൽ എന്തൊരന്തരം! തെളിഞ്ഞ നീലാകാശം കാലം ചെല്ലവേ എത്രമാത്രം നരച്ചു പോയിരിക്കുന്നു എന്നു മനസ്സിലായത് ലോക്ക്ഡൗൺ കാലത്തു വീണ്ടും ആകാശം നീലിമ വീണ്ടെടുത്തപ്പോഴാണ്. മുതിർന്ന ക്ലാസ്സുകളിലെത്തുമ്പോഴേക്കും തുമ്പ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ അത്ഭുതമായി മാറി. കോളേജിലെത്തുമ്പോൾ തോമസ് ഹാർഡിയുടെ 'Two on a Tower" എന്ന നോവലിലെ നക്ഷത്രങ്ങളെ സ്നേഹിച്ച ബഹിരാകാശ ഗവേഷകന്റെ ജീവിതവും വെറും സാധാരണ മനുഷ്യന്റെ ദുഃഖങ്ങൾ നിറഞ്ഞതാണെന്ന സത്യം തിരിച്ചറിയാനായി. എങ്കിലും സൂര്യന്റെ ഉത്തരായനവും ദക്ഷിണായനവും പൗർണമിയും അമാവാസിയിലെ മിന്നാമിന്നിപ്പാടവും നക്ഷത്രജാലവും അതിരുകളില്ലാത്ത അദ്ഭുതമായി ഇന്നും തുടരുന്നു. 11,700 അടി ഉയരത്തിലുള്ള ഹർ കി ദൂൺ എന്ന ഹിമാലയൻ താഴ്വരയിൽ സ്ലീപ്പിംഗ് ബാഗിനുള്ളിൽ നിന്ന് രാത്രി കണ്ട ആകാശം പോലെ സുന്ദരമായ മറ്റൊന്ന് ഒരിക്കലും കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല. തീർച്ചയായും ദേവകളുടെ താഴ്വര തന്നെ... ആകാശഗംഗ അത്ര വ്യക്തമായി കാണാം... ഇത്ര മിഴിവെങ്ങനെ നക്ഷത്രങ്ങൾക്ക് ! ഭൂമിയും ആകാശവും തമ്മിലുള്ള അന്തരം അലിഞ്ഞ് ഇല്ലാതാകുന്നതു പോലെ... 'ഇതാണോ സ്വർഗം? അതെ എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം". കൂട്ടുകാരി ലക്ഷ്മിയോടു ഞാൻ പറയുമ്പോൾ മറുപടി... 'എനിക്കൊരു സംശയവുമില്ല... വിഷമുണ്ടോ എന്നന്വേഷിക്കാതെ പകൽ വിശപ്പു സഹിക്കാഞ്ഞു പറിച്ചു കഴിച്ച പഴങ്ങൾ നമ്മെ സ്വർഗത്തിലെത്തിച്ചാലും സാരമില്ല". സ്വർഗാരോഹിണി ശൃംഗങ്ങൾക്കു മുകളിൽ ഉദിച്ചുയരുന്ന സൂര്യനെ കണ്ട് സ്വർഗീയ താഴ്വര ഒന്നു കൂടി ആസ്വദിക്കുമ്പോൾ മനസിലായി. ഇല്ല, ആ പഴങ്ങൾക്കു വിഷമില്ലായിരുന്നു... ഏതോ അമൃതായിരുന്നിരിക്കണം.