കോട്ടയം : സി.എഫ് തോമസിന്റെ മരണത്തോടെ ഒഴിവുവന്ന ചങ്ങനാശേരി സീറ്റിൽ സ്ഥാനാർത്ഥിയാകാൻ കേരള കോൺഗ്രസ് - ജോസ് ജോസഫ് വിഭാഗത്തിലും കോൺഗ്രസിലും മത്സരം തുടങ്ങി. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കാൻ എട്ടുമാസമേയുള്ളൂ. കുട്ടനാട്, ചവറ മണ്ഡലം ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന വിവിധ രാഷ്ട്രീയ കകക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ചങ്ങനാശേരിയിൽ ഉപതിരഞ്ഞെടുപ്പ് സാദ്ധ്യത കുറവാണ്. ഉപ തിരഞ്ഞെടുപ്പ് വേണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഗസറ്റ് നോട്ടീസ് ഇറക്കണം. പിന്നീട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നോട്ടീസ് വിവരം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം. ഈ നടപടി ക്രമങ്ങൾ കഴിയുമ്പോൾ നിയമസഭയുടെ കാലാവധിയും അവസാനിക്കുമെന്നതിനാൽ ഉപതിരഞ്ഞെടുപ്പ് ആരും പ്രതീക്ഷിക്കുന്നില്ല. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പിനൊപ്പം ചങ്ങനാശേരി കൂടി നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുമോ എന്ന വിദൂര സാദ്ധ്യത മാത്രമാണുള്ളത്.
കോൺഗ്രസ് ഏറ്റെടുക്കുമോ
40 വർഷം സി.എഫ്.തോമസ് ജയിച്ചു വന്ന ചങ്ങനാശേരി പാലാ പോലെ കേരള കോൺഗ്രസ് (എം) കുത്തക സീറ്റാക്കി നിലനിറുത്തിയത് സി.എഫ്.തോമസിന്റെ വ്യക്തിപ്രഭാവം കൊണ്ടായിരുന്നു. ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സാഹചര്യത്തിൽ യു.ഡി.എഫിൽ ജോസഫ് വിഭാഗത്തിന് അർഹതപ്പെട്ട സീറ്റാണെന്ന് പറയാം. എന്നാൽ സി.എഫ്.തോമസിനെപ്പോലെ ജനകീയനായ സ്ഥാനാർത്ഥിയുടെ അഭാവത്തിൽ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമോ എന്നാണറിയേണ്ടത്. മുൻ മന്ത്രി കെ.സി.ജോസഫ് ഇക്കുറി കോട്ടയം ജില്ലയിൽ മത്സരിക്കാനാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. സഭയുടെയും എൻ.എസ്.എസിന്റെയും കോട്ടയെന്ന നിലയിൽ യു.ഡി.എഫിന് ഏറെ ജയസാദ്ധ്യതയുള്ള ചങ്ങനാശേരിയിൽ വിശ്വസ്തനായ കെ.സിയെ ഇറക്കാൻ ഉമ്മൻചാണ്ടിയ്ക്കും താത്പര്യമുണ്ട്.
ജോസഫ് വിഭാഗത്തിന് ലഭിച്ചാൽ
ജോസഫ് വിഭാഗത്തിന് സീറ്റ് ലഭിച്ചാൽ സി.എഫ്.തോമസിന്റെ സഹോദരനും നഗരസഭ ചെയർമാനുമായ സാജൻ ഫ്രാൻസിസ്, വി.ജെ.ലാലി തുടങ്ങിയ പേരുകളാകും ഉയരുക. ഇടതുമുന്നണിയിൽ സി.പി.എമ്മിന്റെ സീറ്റാണ്. 2011 വരെ പാർട്ടി ചിഹ്നത്തിലായിരുന്നു സ്ഥാനാർത്ഥികളെല്ലാം മത്സരിച്ചത്. 2016ൽ ഘടകകക്ഷിയായിരുന്ന ജനാധിപത്യ കേരളകോൺഗ്രസിന്റെ ഡോ.കെ.സി.ജോസഫാണ് മത്സരിച്ചത്. ഫ്രാൻസിസ് ജോർജിനൊപ്പം ഡോ.കെ.സി മുന്നണി വിടാതിരുന്നതും ചങ്ങനാസേരി സീറ്റിൽ പ്രതീക്ഷ അർപ്പിച്ചായിരുന്നു. ഇടതുമുന്നണിയുമായി ജോസ് വിഭാഗം ധാരണ ഉണ്ടാക്കിയാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.എഫിന് പകരം ജോസ് കെ മാണിക്ക് താത്പര്യമുണ്ടായിരുന്ന ജോബ് മൈക്കിളിനാകും ഏറെ സാദ്ധ്യത.