പാലക്കാട്: കാഞ്ഞിരപ്പുഴ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്, ഉദ്യാനം ഇനിമുതൽ ജലസേചന വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നിയന്ത്രണത്തിലാകും പ്രവർത്തിക്കുക. ഇതിന്റെ ആദ്യഘട്ട നടപടിയായി ഡി.ടി.പി.സി ചെയർമാനായ ജില്ലാ കളക്ടറുടെയും ജലസേചന വകുപ്പ് കാഞ്ഞിരപ്പുഴ എക്സിക്യുട്ടീവ് എൻജിനിയറുടെയും പേരിൽ മണ്ണാർക്കാട് സബ് ട്രഷറിയിൽ സംയുക്ത അക്കൗണ്ട് ആരംഭിച്ചു. ഇനി ഉദ്യാനത്തിൽ നിന്നുള്ള വരുമാനം ഈ അക്കൗണ്ടിലായിരിക്കും നിക്ഷേപിക്കുക.
ഉദ്യാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും നവീകരണവും ഇരുവകുപ്പുകളും കൂടിയാലോചിച്ച് നടപ്പാക്കും. അൺലോക്ക് അഞ്ചാംഘട്ടത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അടിയന്തരമായി ചെയ്യേണ്ട നവീകരണങ്ങൾ പുരോഗമിക്കുകയാണ് കാഞ്ഞിരപ്പുഴയിൽ.
കൂടുതൽ സഞ്ചാരികളെ ആകർഷിച്ച് വരുമാനം വർദ്ധിപ്പിക്കുകയാണ് ഡി.ടി.പി.സി ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ മലമ്പുഴയുടെ മാതൃകയിലായിരിക്കും ഇനി കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പ്രവർത്തനം. ജലസേചനവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർക്കാകും ഉദ്യാനത്തിന്റെ പൂർണ സംരക്ഷണവും നിയന്ത്രണവും. ഇതിന്റെ ഭാഗമായി ഉദ്യാനത്തിൽ പുതിയ ഇൻഫർമേഷൻ സെന്റർ, ഗാർഡൻ സെക്ഷൻ ഓഫീസ് എന്നിവ ഉടനെ ആരംഭിക്കും. കൂടാതെ ഓഫീസ് കാര്യങ്ങൾക്കായി ആറും ഉദ്യാന പരിപാലനത്തിനായി 20 സുരക്ഷാ ജീവനക്കാരെയും നിയമിക്കും.
ഉദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി ഡി.ടി.പി.സി ചെയർമാനാണ് നൽകുന്നത് എങ്കിലും എം.എൽ.എ, എം.പി, ജലസേചനവകുപ്പ് ഫണ്ടുകൾ ഉപയോഗിക്കുന്നതിന് ഡി.ടി.പി.സിയുടെ പ്രത്യേക അനുമതി ആവശ്യമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ
ജലസേചന വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് സസ്യോദ്യാനം, ബസ് സ്റ്റാൻഡ്, കംഫർട്ട് സ്റ്റേഷൻ, കച്ചവട സ്റ്റാളുകൾ, ആധുനിക രീതിയിലുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവ്, ബൊട്ടാണിക്കൽ ബാംബൂ ഗാർഡൻ, ഫിഷ് അക്വേറിയം, ഇലക്ട്രിക് ട്രെയിൻ, ഹെലിപാഡ്, പൊലീസ് ഔട്ട് പോസ്റ്റ്, സ്നേക്ക് പാർക്ക്, റോപ്പ് വേ എന്നിവ ആരംഭിക്കും. ഇതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കുകയാണെന്ന് ജലസേചനവകുപ്പ് അധികൃതർ വ്യക്തമാക്കി.