മിൻസ്ക്: രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ബെലാറസ് പ്രസിഡന്റായി അലക്സാണ്ടർ ലുകാഷെങ്കോ സത്യപ്രതിജ്ഞ ചെയ്തു വീണ്ടും അധികാരമേറ്റു. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണവും പ്രതിപക്ഷ പ്രക്ഷോഭങ്ങളും അവഗണിച്ച് 26 വർഷമായി അധികാരത്തിൽ തുടരുന്ന ലുകാഷെങ്കോ ഇത് ആറാം തവണയാണ് പ്രസിഡന്റാകുന്നത്. മിൻസ്കിലെ കൊട്ടാരത്തിൽ രഹസ്യമായി നടന്ന സത്യപ്രതിജ്ഞ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷവും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും അറിയിച്ചു. പ്രത്യേക ക്ഷണിതാക്കൾ മാത്രമാണ് സത്യപ്രതിഞ്ജ ചടങ്ങിൽ പങ്കെടുത്തത്. അതേസമയം, കഴിഞ്ഞ ദിവസം മിൻസ്കിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്ത പ്രതിപക്ഷ റാലി നടന്നു. കഴിഞ്ഞ മാസം ഒൻപതിന് നടന്ന തിരഞ്ഞെടുപ്പിൽ റഷ്യയുടെ പിന്തുണയുള്ള ലുകാഷെങ്കോക്ക് 80 ശതമാനം വോട്ടും മുഖ്യ എതിരാളി സ്വറ്റ്ലാന ടിഖനോവസ്കയ്ക്ക് 10 ശതമാനം വോട്ടും ലഭിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, ലുക്കാഷെങ്കോ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്നുള്ള ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്.