വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സ്ഥാനാർത്ഥി സംവാദം ഇന്ന് വൈകിട്ട് നടക്കും. ആറു ദശാബ്ദമായി തുടരുന്ന ജനാധിപത്യ സംവാദം മഹാമാരിയുടെ കാലത്തും മാറ്റമില്ലാതെ തുടരും. ക്ളേവ്ലാൻഡിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയാണ് വേദി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എതിരാളി ജോ ബൈഡനും മുഖാമുഖമെത്തുന്ന വേദിയിൽ ചൂടേറിയ വാക്പോര് ഉറപ്പ്.
കക്ഷി രാഷ്ട്രീയമില്ലാത്ത വോട്ടർമാർക്കും രാജ്യത്തെ നയിക്കാൻ ആരാണ് യോഗ്യൻ എന്ന് തീരുമാനമെടുക്കാൻ മാർഗമൊരുക്കുന്നതാണ് സ്ഥാനാർത്ഥി സംവാദം. ഇരു സ്ഥാനാർത്ഥികളും ടെലിവിഷൻ കാമറകൾക്ക് മുന്നിൽ തത്സമയം വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കും. ഇതിൽ പരസ്പര വിമർശനങ്ങളും ചോദ്യം ചെയ്യലുകളും ഇടപെടലുകളും ഉണ്ടാവും.
1960ൽ നടന്ന ആദ്യ സംവാദത്തിൽ ജോൺ.എഫ്.കെന്നഡിയും റിച്ചാർഡ് നിക്സനും ഏറ്റുമുട്ടിയത് ഏഴു കോടി ജനങ്ങളാണ് കണ്ടത്. അബദ്ധങ്ങളും വിവാദങ്ങളും പിറന്ന സംവാദവേദികൾ പല സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയഭാവി തന്നെ തിരുത്തിക്കുറിച്ചു.
ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ സംവാദങ്ങളായിരുന്നു ഡൊണാൾഡ് ട്രംപും ഹിലരി ക്ലിന്റണും തമ്മിൽ നടന്നത്. പരസ്പരം ചെളിവാരിയെറിയൽ അതിരുവിട്ടപ്പോൾ ഹിലാരിയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റന്റെ സ്വഭാവദൂഷ്യങ്ങൾ എണ്ണിപ്പറഞ്ഞ ഡൊണാൾഡ് ട്രംപ്, താൻ അധികാരത്തിൽ വന്നാൽ ഹിലരിയെ ജയിലിലടയ്ക്കുമെന്നു പോലും പ്രഖ്യാപിച്ചു. മൂന്നു സംവാദങ്ങളിലും വിജയിച്ചു എന്ന് മാദ്ധ്യമങ്ങൾ വിലയിരുത്തിയ ഹിലരിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല.
1984ൽ 73കാരനായ റോണാൾഡ് റെയ്ഗന്റെ പ്രായാധിക്യം ഉയർത്തിക്കാട്ടാനായിരുന്നു എതിരാളിയും 59കാരനുമായ വാൾട്ടർ മൊണ്ടെയിലിന്റെ ശ്രമം. എതിരാളിയുടെ ചെറുപ്പവും അനുഭവസമ്പത്തില്ലായ്മയും ഞാനൊരു വിഷയമാക്കുന്നില്ല എന്നായിരുന്നു റെയ്ഗന്റെ മറുപടി. ഒടുവിൽ, റെയ്ഗൻ വൈറ്റ് ഹൗസിൽ തുടരട്ടെയെന്ന് ജനം വിധിയെഴുതി.