കാസർകോട്: മോഷ്ടിച്ച ബൈക്കുമായി വരവെ പൊലീസിന്റെ മുന്നിൽപെട്ട കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ. തെക്കിൽ സ്വദേശി മുഹമ്മദ് നവാസ് (41) ആണ് പിടിയിലായത്. നീലേശ്വരം എസ്.ഐ കെ.പി സതീഷും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ കുടുങ്ങിയത്.
നെടുങ്കണ്ടയിൽ വച്ച് ദേശീയപാതയിൽ വാഹന പരിശോധന നടത്തവെ സംശയം തോന്നിയ പൊലീസ് രേഖകൾ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ബേക്കൽ പള്ളിക്കരയിൽ നിന്ന് മോഷ്ടിച്ചതാണ് ബൈക്കെന്ന് പ്രതി സമ്മതിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയ്ക്ക് മുന്നിൽ വച്ചു കോൺഗ്രസ് നേതാവിന്റെ ബൈക്ക് മോഷണം പോയിരുന്നു. ഇത് പിന്നീട് വേറൊരു സ്ഥലത്തുനിന്നും കണ്ടെത്തി. കാഞ്ഞങ്ങാട്ടും കാസർകോട്ടും ഈ ആഴ്ച നിരവധി ബൈക്കുകളാണ് മോഷണം പോയത്. ഇതിൽ ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.