ടെക്നിക്കിലും ഷോട്ട് സെലക്ഷനിലുമൊക്കെ സഞ്ജു കൊള്ളാം ,പക്ഷേ സ്ഥിരത പുലർത്താനാകുന്നില്ല... എന്നതായിരുന്നു കഴിഞ്ഞ വർഷം വരെ പലരുടെയും അഭിപ്രായം. ഒരു പരിധിവരെ അത് ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഈ ഐ.പി.എല്ലിന് മുമ്പുവരെ സഞ്ജുവിന്റെ പ്രകടനം.എന്നാൽ യു.എ.ഇയിൽ തുടങ്ങിയ 13-ാം സീസൺ ഐ.പി.എല്ലിന്റെ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾതന്നെ സഞ്ജുവിനെക്കുറിച്ചുള്ള അഭിപ്രായം പലരും മാറ്റിയിരിക്കുന്നു.സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും ഷേൻ വാണും സുനിൽ ഗാവസ്കറും ആകാശ് ചോപ്രയും ഹർഷ ഭോഗ്ലെയും തുടങ്ങി പണ്ടേ സഞ്ജുവിനായി വാദിക്കുന്ന ഗൗതം ഗംഭീർ വരെയുള്ളവർ ഈ മലയാളിപ്പയ്യന്റെ ആരാധകരായി മാറിയിരിക്കുന്നു. ഈ രണ്ട് ഇന്നിംഗ്സുകളിലും കണ്ട സഞ്ജുവിനെയാണ് ഇന്ത്യയ്ക്ക് വേണ്ടത് എന്നാണ് കമന്റേറ്റർമാർ പറഞ്ഞത്.
പഞ്ചാബ് കിംഗ്സ് ഇലവൻ 223/2 എന്ന സ്കോർ ഉയർത്തിയപ്പോൾ രാജസ്ഥാൻ റോയൽസിന്റെ കഥകഴിഞ്ഞു എന്ന് കരുതിയവർ പലരുണ്ടാകും. എന്നാൽ ഫസ്റ്റ്ഡൗണായി സ്മിത്തിനൊപ്പം ബാറ്റിംഗിന് സഞ്ജു എത്തി വൈഡായ ആദ്യ പന്തിന് ശേഷം നേരേ സിക്സ് പറപ്പിച്ചപ്പോൾ കളിയുടെ വിധി കുറിക്കപ്പെട്ടിരുന്നു. ഈ ഐ.പി.എൽ തന്റേതായിരിക്കണമെന്ന് കരുതിയുറപ്പിച്ചാണ് സഞ്ജു ദുബായ്യിലേക്ക് വിമാനം കയറിയത്.
കഴിഞ്ഞവർഷം നാല് പരമ്പരകളിൽ ടീമിലുണ്ടായിരുന്നിട്ടും ലഭിച്ച മൂന്ന് അവസരങ്ങളും പ്രയോജനപ്പെടുത്താനാൻ ആകാത്തത് സഞ്ജുവിനെ നിരാശനാക്കിയിരുന്നു. അതോടൊപ്പം മനസിനുള്ളിലെ പോരാളിയെ ഉണർത്തുകയും ചെയ്തു. ആ പോരാട്ടവീര്യമാണ് കഴിഞ്ഞ രണ്ട്മത്സരങ്ങളിലും കണ്ട സഞ്ജുവിന്റെ പരിവർത്തനത്തിന് പിന്നിൽ. ലോക്ക്ഡൗൺ കാലം പോലും പരിശീലനത്തിനായി വിനിയോഗിച്ച സഞ്ജു ഇനി ഒരവസരംകൂടി കൈ മോശം വരുത്താതിരിക്കാൻ രണ്ടും കൽപ്പിച്ച് പൊരുതുകയായിരുന്നു.
യു.എ.ഇയിൽ സീസൺ തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോൾ നേടിയ അഭിനന്ദനങ്ങൾ നിലനിൽക്കണമെങ്കിൽ ഈ സ്ഥിരത മുഖമുദ്രയാക്കി മാറ്റേണ്ടതുണ്ട്.
സഞ്ജു പറയുന്നു....
കഴിഞ്ഞ ഒരുവർഷമായി നല്ല രീതിയിൽ ഷോട്ടുകൾ ഉതിർക്കുവാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നു.നല്ല തയ്യാറെടുപ്പോടെയാണ് യു.എ.ഇയിലെത്തിയത്.എന്റെ ശൈലിയിലും ഫിറ്റ്നെസിലും മാറ്റമുണ്ടായതായി സ്വയം ബോധ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഞാൻ ശരിക്കും നിരാശനായിരുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ല.അതോടെ എനിക്ക് മികവ് കാട്ടാൻ കഴിയുമോ എന്ന് പലവുരു എന്നോടുതന്നെ ചോദിച്ചു.ഒരു തരം ആത്മീയ അന്വേഷണമാണ് നടത്തിയത്. എന്റെ കരിയറിൽ ഞാൻ എന്താണ് ആഗ്രഹിക്കുന്നത്?, എവിടെവരെ എനിക്ക് എത്താൻ കഴിയും എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സ്വയം ചോദിച്ചുകൊണ്ടിരുന്നത്.
ഒരു പത്തുകൊല്ലംകൂടി എനിക്ക് ക്രിക്കറ്റിൽ തുടരാൻ കഴിയും എന്നെന്റെ മനസുപറഞ്ഞു.അതുകൊണ്ടുതന്നെ മറ്റെല്ലാം മറന്ന് ജീവിതം ക്രിക്കറ്റിനായി സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എല്ലാ പിന്തുണയും ലഭിച്ചു. ആ സമർപ്പണത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശക്തമായ ഷോട്ടുകൾ പറത്താനുള്ള ശേഷി എന്റെ ജീനുകളിൽ അലിഞ്ഞ് ചേർന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പിതാവ് നല്ല ശക്തിയുള്ള കൈകൾക്ക് ഉടമയാണ്.ആ ഹാൻഡ് പവർ എനിക്കും ലഭിച്ചിട്ടുണ്ട്. കുറച്ചുനാളായി ഞാൻ ഫിറ്റ്നസിൽ ശരിക്കും ശ്രദ്ധിച്ചിരുന്നു. മസിലുകൾ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങളായിരുന്നു കൂടുതലും.
തരൂരും ഗംഭീറും തമ്മിൽ
പത്തുവർഷമായി എനിക്ക് സഞ്ജു സാംസണെ അറിയാം.അടുത്ത ധോണിയാണ് സഞ്ജുവെന്ന് ഞാൻ പണ്ടേ പറഞ്ഞിരുന്നു. ഇപ്പോഴും അതുതന്നെ പറയുന്നു.
-ശശി തരൂർ
സഞ്ജു അടുത്ത ആരുമാകേണ്ടതില്ല. സഞ്ജുവായി തന്നെ അവന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കണം.
- ഗൗതം ഗംഭീർ
സഞ്ജുവിന്റെ പ്രകടനങ്ങൾ
Vs ചെന്നൈ സൂപ്പർ കിംഗ്സ്
32 പന്തുകളിൽ 74 റൺസ് , 9 സിക്സുകൾ,1 ഫോർ
231.25 സ്ട്രൈക്ക്റേറ്റ്
Vs കിംഗ്സ് ഇലവൻ പഞ്ചാബ്
42 പന്തുകളിൽ 85 റൺസ് ,4 ഫോർ,7 സിക്സ്
202.38 സ്ട്രൈക്ക്റേറ്റ്
രാഹുലിന്റെ സംശയം സഞ്ജു തീർത്തു !
ഷാർജ : സൂപ്പർ ഒാവറിൽ തനിക്കൊപ്പം ബാറ്റ് ചെയ്യാൻ സഞ്ജുസാംസണെപ്പോലൊരു തുടക്കക്കാരനെ അയയ്ക്കണോ എന്ന് സംശയം പ്രകടിപ്പിച്ച കെ.എൽ രാഹുലിനെ സാക്ഷി നിറുത്തിയാണ് കഴിഞ്ഞ രാത്രിയിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു താണ്ഡവമാടിയത്. ഈവർഷമാദ്യം ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ വെല്ലിംഗ്ടണിൽ നടന്ന നാലാം ട്വന്റി-20 സൂപ്പർ ഓവറിലേക്കു നീണ്ടതോടെ കെ.എൽ. രാഹുലിന് കൂട്ടായി ഇറക്കാൻ വിരാട് കൊഹ്ലി ആദ്യം തീരുമാനിച്ചത് സഞ്ജുവിനെയാണ്. എന്നാൽ, സഞ്ജുവിനേപ്പോലെ തീരെ മത്സരപരിചയമില്ലാത്തൊരു താരം തനിക്കൊപ്പം ഇറങ്ങുന്നതിൽ രാഹുൽ സംശയം പ്രകടിപ്പിച്ചു. ഒടുവിൽ കൊഹ്ലി തന്നെ ഒപ്പമിറങ്ങി. അന്ന് പരിചയക്കുറവിന്റെ പേരിൽ ഒപ്പം ഇറങ്ങാൻ മടി കാണിച്ച അതേ രാഹുലിനെ വിക്കറ്റിന് പിന്നിൽ സാക്ഷിനിർത്തിയായിരുന്നു പഞ്ചാബിനെതിരെ സഞ്ജുവിന്റെ ഐതിഹാസികപ്രകടനം. രാഹുൽ നയിച്ച ടീമിനെതിരെ സഞ്ജു അടിച്ചുകൂട്ടിയത് 42 പന്തിൽ 85 റൺസ്. നാലു ഫോറും ഏഴു സിക്സും സഹിതമായിരുന്നു ഇത്.രണ്ടാമത്തെ മത്സരത്തിലും മാൻ ഒഫ് ദ മാച്ചാവുകയും ചെയ്തു.