കഴിഞ്ഞ രാത്രി പഞ്ചാബ് കിംഗ്സ് ഇലവനോട് രാജസ്ഥാൻ റോയൽസ് തോറ്റിരുന്നുവെങ്കിൽ എല്ലാ ചർച്ചകളും രാഹുൽ തേവാതിയ പാഴാക്കിക്കളഞ്ഞ ആ പന്തുകളെക്കുറിച്ചായിരുന്നേനെ. ഒരു ഘട്ടത്തിൽ നാലാമനായി തേവാതിയയെ ഇറക്കിവിട്ട രാജസ്ഥാൻ ടീമിന്റെ തിങ്ക്ടാങ്കുകളെ കമന്റേറ്റർമാർ കളിയാക്കുന്ന സ്ഥിതിവരെയുണ്ടായി. അതിന്കാരണവുമുണ്ടായിരുന്നു.
224 റൺസ് തേടിയിറങ്ങിയ രാജസ്ഥാൻ ഒൻപത് ഒാവറിൽ 100 എന്ന നിലയിലെത്തിയപ്പോഴാണ് സ്മിത്ത് പുറത്താകുന്നത്. അപ്പോഴാണ് തേവാതിയ ക്രീസിലെത്തിയത്. ഒപ്പമുണ്ടായിരുന്ന സഞ്ജു ഒാരോ ഒാവറിലും റൺറേറ്റ് ഉയർത്താൻ ശ്രമിക്കുമ്പോൾ തേവാതിയ പന്തുകൾ പാഴാക്കുകയായിരുന്നു. സഞ്ജുവിന് സ്ട്രൈക്ക് കൈമാറുന്നതിൽ പോലും വിജയം കണ്ടെത്താനായില്ല. ആദ്യ 23 പന്തുകളിൽ 17 റൺസ് മാത്രമാണ് തേവാതിയയ്ക്ക് നേടാനായത്.
17-ാം ഒാവറിന്റ ആദ്യ പന്തിൽ സഞ്ജുപുറത്താകുമ്പോൾ കളി ജയിച്ചെന്നുതന്നെ പഞ്ചാബുകാർ കരുതി. കാരണം അപ്പോൾ ക്രീസിലുണ്ടായിരുന്ന തേവാതിയ 21 പന്തുകളിൽ 14 റൺസ് മാത്രമേ നേടിയിരുന്നുള്ളൂ.
കോട്ടെറെൽ എറിഞ്ഞ 18-ാം ഒാവറിലാണ് സർവരെയും അമ്പരപ്പിച്ചുകൊണ്ട് തേവാതിയ കളിയുടെ വിധി മാറ്റിക്കളഞ്ഞത്. ഇപ്പോ ജയിച്ചുകളയാം എന്ന് കരുതി എറിഞ്ഞ കോട്ടെറെല്ലിന്റെ ആദ്യ നാലുപന്തുകളും ഗാലറിയിൽ. അഞ്ചാം പന്തിൽ ബീറ്റണായെങ്കിലും അവസാനപന്ത് വീണ്ടും സിക്സ്. ആ അഞ്ചു സിക്സുകളോടെ കളി പഞ്ചാബിന്റെ കൈവിട്ടുപോയിരുന്നു.
അടുത്ത ഒാവറിൽ ഉത്തപ്പ പോയെങ്കിലും പകരമെത്തിയ ആർച്ചർ തുടർച്ചയായ രണ്ട് സിക്സുകളോടെ മുൻതൂക്കം നിലനിറുത്തി. ഒരുസിക്സ് കൂടി പറത്തിയ ശേഷമാണ് തേവാതിയ പുറത്തായത്.
ഡെൽഹി ഡെയർഡെവിൾസ്, പഞ്ചാബ് കിംഗ്സ്,ഡൽഹി ക്യാപ്പിറ്റൽസ് തുടങ്ങിയ പല ടീമുകൾക്കായി പല സീസണുകളിലായി രാഹുൽ തേവാതിയ എന്ന ഹരിയാനക്കാരൻ ഐ.പി.എല്ലിൽ വന്നുപോയിട്ടുണ്ടെങ്കിലും ആരാധകരുടെ ഹൃദയത്തിൽ സ്വന്തം കയ്യൊപ്പിടുന്നത് ഇതാദ്യമായാണ്. 2013ൽ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതാണ് ഈ 27 കാരൻ.
5 സിക്സുകളാണ് ഒരോവറിൽ തേവാതിയ പറത്തിയത്. ഐ.പി.എല്ലിൽ ഇതിന് മുമ്പ് ഒരോവറിൽ അഞ്ച് സിക്സുകൾ പറത്തിയത് ക്രിസ് ഗെയ്ൽ മാത്രം.
30 റൺസാണ് ഒരോവറിൽ തേവാതിയ അടിച്ചുകൂട്ടിയത്.
31 പന്തുകളിൽ ഏഴുസിക്സുകളുടെ അകമ്പടിയോടെയാണ് 53 റൺസെടുത്തത്.
ആദ്യ 23 പന്തുകളിൽ 17 റൺസ് മാത്രം
അടുത്ത 8 പന്തുകളിൽ 36 റൺസ്.
62 സിക്സുകളാണ് ഷാർജയിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി പിറന്നത്.
224 ഐ.പി.എല്ലിലെ ചേസിംഗ് റെക്കാഡാണ് രാജസ്ഥാൻ കുറിച്ചത്.
വലിയ ഷോട്ടുകൾ പായിക്കാൻ കഴിയുമെന്ന് എനിക്കും ടീമിനും അറിയാമായിരുന്നു.ആദ്യത്തെ സിക്സ് അടിക്കുന്നതുവരെയുള്ള പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.എന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ട ഇരുപത് പന്തുകളാണ് ആദ്യം നേരിട്ടത്. ലെഗ് സ്പിന്നറെ അടിക്കാനാണ് ആദ്യം തീരുമാനിച്ചത്. അതിന് കഴിയാതെവന്നതുകൊണ്ട് ബൗളർ ആരെന്ന് നോക്കാതെ വീശുകയായിരുന്നു.
- രാഹുൽ തെവാതിയ
അന്നൊരു അംഗീകാരം ചോദിച്ചപ്പോൾ ചിരിച്ചു,
ഷാർജ : വർഷങ്ങളായി ഐ.പി.എല്ലിൽ കളക്കുന്ന തനിക്കൊരു അംഗീകാരം വേണമെന്ന് രാഹുൽ തെവാതിയ അത്രമേൽ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിന് ശേഷം ഡ്രെസിംഗ് റൂമിൽ നടന്ന സംഭവങ്ങളുടെ വീഡിയോയിൽ തന്നിലെ കളിക്കാരൻ അംഗീകരിക്കപ്പെടുന്നത് ആഗ്രഹിച്ചിരുന്ന തെവാതിയയെ കാണാം. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിലായിരുന്നു തെവാതിയ.മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിൽ തെവാതിയ നാലുക്യാച്ചുകൾ എടുത്തിരുന്നു. മത്സരശേഷമുള്ള ഡ്രെസിംഗ് റൂം മീറ്റിംഗിൽ കോച്ച് റിക്കി പോണ്ടിംഗ് മത്സരത്തിൽ മികവുപുലർത്തിയ ശിഖർ ധവാൻ,റിഷഭ് പന്ത്,കോളിൻ ഇൻഗ്രാം,ബൗളർമാർ എന്നിവരെയൊക്കെ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. നാലുക്യാച്ചെടുത്തതിന് തന്നെയും അഭിനന്ദിക്കണമെന്ന് തെവാതിയ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിരിയോടെ പറഞ്ഞവസാനിപ്പിച്ചു. സഹതാരമായ അക്ഷർ പട്ടേൽ അഭിനന്ദനം ചോദിച്ചുവാങ്ങുന്നോയെന്ന് കളിയാക്കിയപ്പോൾ എനിക്ക് അർഹതപ്പെട്ടതിന് വേണ്ടി ഞാൻ പോരാടും എന്നായിരുന്നു തെവാതിയയുടെ മറുപടി. ഈ സീസണിൽ ആ പോരാട്ടവീര്യമാണ് കളി കണ്ടവരുടെയെല്ലാം അഭിനന്ദനം നേടിയെടുക്കാൻ തെവെതിയയെ തുണച്ചത്.