ന്യൂഡൽഹി: വിതരണ ശൃംഖല വൈവിദ്ധ്യവത്കരിക്കാൻ ജപ്പാൻ, ആസ്ട്രേലിയ രാജ്യങ്ങളുമായി ചർച്ച നടത്തുകയുമാണെന്നും സമാന മനസ്കരായ രാജ്യങ്ങളുമായുള്ള ബന്ധം നിർണായകമാണെന്ന് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റേ ഫ്റെഡ്റിക്സനുമായുള്ള വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വിതരണ ശൃംഖലയിൽ ഒരു ഉറവിടത്തെ മാത്രം ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്ന് അടുത്ത കാലത്തെ സംഭവങ്ങൾ തെളിയിച്ചെന്നും ചൈനയുമായുള്ള വ്യാപാര ബന്ധത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദിപറഞ്ഞു. അതിനാൽ ചട്ടങ്ങളിൽ അധിഷ്ഠിതമായ, സുതാര്യവും മനുഷ്യത്വപരവും ജനാധിപത്യപരവുമായ കാര്യങ്ങളിൽ സമാനമനസ്കരായ രാജ്യങ്ങളുമായി സഹകരണത്തിന് ശ്രമിക്കുകയാണ്.
ഡെൻമാർക്കുമായി വളരെക്കാലമായുള്ള സൗഹൃദബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഉഭയകക്ഷി ബന്ധം വിപുലമാക്കാനും പരസ്പരം താത്പര്യമുള്ള പ്രധാന വിഷയങ്ങളിൽ സഹകരണം കൂട്ടാനും കഴിയുമെന്നും മോദി ചൂണ്ടിക്കാട്ടി.
ഡാനിഷ് കമ്പനികൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ എനർജിപാർക്ക്, സ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സജ്ജമാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജൂലായിൽ വിവാഹിതയായ മെറ്റേയ്ക്ക് വിവാഹ ആശംസ നേർന്ന മോദി, കൊവിഡ് ഭീതി മാറിയ ശേഷം ഇന്ത്യ സന്ദർശിക്കാനും ക്ഷണിച്ചു. കൊവിഡ് വ്യാപനത്തിനിടെ മൂന്നു തവണ മാറ്റിവച്ച ശേഷമാണ് സിനിമാ നിർമ്മാതാവും ഫോട്ടോഗ്രാഫറുമായ തെങ്ബെർഗുമായുള്ള മെറ്റെയുടെ വിവാഹം നടന്നത്.