തിരുവല്ല: ഓതറയിൽ ഞായറാഴ്ച രാത്രിയിൽ ഗുണ്ടാസംഘം വീടും രണ്ട് സ്കൂട്ടറുകളും തകർത്തു. മുള്ളിപ്പാറമല ചക്കശ്ശേരിൽ സുകുമാരന്റെ വീടിന് നേരെയായിരുന്നു ആക്രമം. സുകുമാരന്റെ ചെറുമകൻ ശ്രാവണി(7)ന്റെ കാൽമുട്ടിന് ആക്രമണത്തിൽ പരിക്കേറ്റു. പത്തരയോടെ മാരകായുധങ്ങളുമായി എത്തിയ ഇരുപതോളം പേരടങ്ങിയ സംഘമാണ് അക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ ചിലർ വൈകിട്ട് ഓട്ടോറിക്ഷയിലെത്തി സുകുമാരനെ ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്ന് പൊലീസ് സ്ഥലത്തെത്തി മടങ്ങിയപ്പോഴാണ് ആക്രമണം നടത്തിയത്. ജനൽ പാളിയുടെ ചില്ലുകൾ കല്ലെറിഞ്ഞുടുച്ചു. കസേരകളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. പുറത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും തല്ലിപ്പൊളിച്ചു. ഇതിനിടെ തെറിച്ചുവീണ ചില്ലുകൊണ്ടുകയറിയാണ് ശ്രാവണിന് പരിക്കേറ്റത്. സുകുമാരനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. സുകുമാരന്റെ വീടിന്റെ ചുറ്റുമതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് സംഭവത്തിന് പിന്നിൽ. കുറ്റൂർ പഞ്ചായത്തിന്റെ അനുമതിയോടെ മതിൽ പണി പൂർത്തിയാക്കിയിരുന്നു. അന്വേഷണം തുടങ്ങിയതായി ഡിവൈ.എസ്.പി ടി.രാജപ്പൻ പറഞ്ഞു.
മുള്ളിപ്പാറ മലനട ക്ഷേത്രത്തിനു സമീപം ഭിന്നശേഷിയുള്ള മട്ടക്കൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കട അക്രമികൾ കനാലിൽ തള്ളി. സുകുമാരന്റെ വീടുകയറി അക്രമം നടത്തിയ ശേഷമായിരുന്നു ഇത്. ഒരുവർഷം മുമ്പ് രവീന്ദ്രന്റെ പെട്ടിക്കട തീയിട്ടു നശിപ്പിച്ചിരുന്നു. ഇതുകാരണം ഉപജീവനത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടിയ രവീന്ദ്രന് നാട്ടുകാർ പിരിവെടുത്ത് ആറുമാസം മുമ്പ് വാങ്ങിനൽകിയ പെട്ടിക്കടയാണ് കനാലിൽ തള്ളിയത്.
തിരുവല്ല: ഓതറയിൽ മുള്ളിപ്പാറ ചക്കശേരിൽ സുകുമാരന്റെ വീടും വാഹനങ്ങളും ആക്രമിച്ച സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ കമ്മിറ്റി പ്രതിഷേധിച്ചു. ഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അക്രമികളെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യൂണിയൻ കമ്മിറ്റി അറിയിച്ചു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്പെക്റ്റിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ പ്രസംഗിച്ചു.