മാന്നാർ: കൊവിഡ് മൂലം കൂട്ടിലടയ്ക്കപ്പെട്ടതിനാൽ കൂട്ടുകാരെയും അദ്ധ്യാപകരെയും കാണാതെ വീർപ്പുമുട്ടുന്ന കുരുന്നുകൾക്ക് ആശ്വാസമായി സ്കൂൾ അസംബ്ലി. പരുമല സെമിനാരി എൽ.പി സ്കൂളിലാണ് ഗൂഗിൾ മീറ്റിലൂടെ അസംബ്ലി നടത്തുന്നത്.
പി.ടി.എ മീറ്റിംഗുകൾ ഗൂഗിൾ മീറ്റിലൂടെ നടത്തി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്കൂൾ അസംബ്ലിയിലേക്കു കടന്നത്. എല്ലാ ആഴ്ചയിലും ഞായറാഴ്ച രാവിലെ 11നാണ് അസംബ്ലി നടത്തുന്നത്. പ്രാർത്ഥനാ ഗാനം, പ്രതിജ്ഞ, പത്ര വാർത്ത,ക്വിസ് മത്സരം, കുട്ടികളടെ കലാസൃഷ്ടികളുടെ പ്രദർശനം എന്നിയാണ് പ്രധാന ഇനങ്ങൾ. സ്കൂളിൽ വരാതെ വീട്ടിൽത്തന്നെയിരിക്കുന്നതിന്റെ വിരസത അകറ്റാനും കൂട്ടുകാരെ ആഴ്ചയിൽ ഒരിക്കലെങ്കിലും കാണാനും കഴിയുമെന്നതിനാൽ കുട്ടികൾ ആവേശത്തിലാണെന്ന് സ്കൂൾ ഹെഡ്മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ അലക്സാണ്ടർ പി. ജോർജ്ജ് പറഞ്ഞു. പുതുതായി ചേർന്ന കുട്ടികൾക്ക് ഇതുവരെ സ്കൂളിൽ വരാൻ കഴിയാത്ത സാഹചര്യത്തിൽ ഇത് ഏറേ സന്തോഷവും നൽകുന്നു.
ഓരോ അസംബ്ലിയിലും ഹെഡ്മാസ്റ്ററേയും അദ്ധ്യാപകരെയും കൂടാതെ വിശിഷ്ടാതിഥികളും പങ്കെടുക്കും. കഴിഞ്ഞ ആയാഴ്ച അഞ്ചാം ക്ലാസിന്റെ അസംബ്ലിയോടെയായിരുന്നു തുടക്കം. ഇന്നലെ നാലാം ക്ലാസിന്റേതായിരുന്നു അസംബ്ലി. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അനന്യ ലിനേഷ് അവതാരകയായപ്പോൾ ക്ലാസ് ടീച്ചർ ജിനു അസംബ്ളി നിയന്ത്രിച്ചു.
അശ്വിൻ എസ്. ദേവ് പ്രതിജ്ഞയും ഹുസ്ന ഫാത്തിമ പത്ര പാരായണവും എം. അതിഥി ഗാന്ധിജയന്തിയെക്കുറിച്ച് ഹ്രസ്വമായ പ്രസംഗവും നടത്തി. തിരുവല്ല ഉപജില്ലവിദ്യാഭ്യാസ ഓഫീസർ മിനി കുമാരിയും പങ്കെടുത്തു. സ്കൂൾ കലോത്സവവും ഓൺലൈനായി നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.