ആലപ്പുഴ : തണ്ണീർമുക്കം ബണ്ട് ഏറെക്കാലം അടഞ്ഞു കിടക്കുന്നത് കുട്ടനാടിന്റെ പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതായി പുതിയ കാർഷിക കലണ്ടറിൽ പരാമർശം. ആസൂത്രിതമായ കൃഷി രീതി പ്രോത്സാഹിപ്പിക്കുക വഴി ബണ്ട് കൂടുതൽ കാലം തുറന്നിടാൻ സാധിക്കുമെന്നും കലണ്ടർ വ്യക്തമാക്കുന്നു.
കുട്ടനാട് അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രമാണ് കുട്ടനാടിന്റെ രണ്ടാം പാക്കേജിന്റെ ഭാഗമായി കലണ്ടർ തയ്യാറാക്കിയത്. കുട്ടനാടിന്റെ കൃഷിയും പരിസ്ഥിതിയും തണ്ണീർമുക്കം ബണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ബണ്ട് തുറക്കുന്നതും അടയ്ക്കുന്നതും കുട്ടനാടിന്റെ പരിസ്ഥിതിയെയും കൃഷിയേയും വളരെയധികം സ്വാധീനിക്കും. .കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ കെ. ജി. പദ്മകുമാറിന്റെ നേതൃത്വത്തിൽ പ്രിയ. കെ. നായർ, പി. ആർ. രമ്യ, എം. എസ്. ശ്രീജ, കെ.എ സ്റ്റെഫി എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.
വർഷകാലത്തെ കൃഷി മൊത്തം ഭൂവിസ്തൃതിയുടെ 30 ശതമാനത്തിലധികം ആകുന്നത് പലപ്പോഴും പ്രളയ ഭീഷണിക്ക് വഴിയൊരുക്കാറുണ്ട്. കാർഷിക കലണ്ടർ പ്രാവർത്തികമാകുന്നതോടെ വർഷകാല കൃഷി വിസ്തൃതിയിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും.
6 മേഖലകൾ
കുട്ടനാടിനെ കായൽ ഭൂമി, ലോവർ കുട്ടനാട്, അപ്പർകുട്ടനാട്, നോർത്തേൺ കുട്ടനാട്, വൈക്കം കരി, പുറക്കാട് കരി എന്നിങ്ങനെ 6 മേഖലകളായി തിരിച്ച് അതാത് പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് അനുസരിച്ചാണ് കലണ്ടർ രൂപപ്പെടുത്തിയത്.
രണ്ടു കൃഷി ചെയ്യുന്ന ലോവർ കുട്ടനാട്, ഉത്തര കുട്ടനാട് പ്രദേശങ്ങളിലും കായൽ നിലങ്ങളിലും പുഞ്ചകൃഷി ഒക്ടോബറിൽ ആരംഭിച്ച് ഫെബ്രുവരി, മാർച്ച് മാസത്തിൽ വിളവെടുക്കാവുന്ന രീതിയിലാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. രണ്ട് കൃഷിയുള്ള പാടശേഖരങ്ങളിൽ ഒരു വിളയ്ക്ക് ഹ്രസ്വകാല മൂപ്പുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നത് വഴി സമയബന്ധിതമായ വിളവെടുപ്പ് സാദ്ധ്യമാകും. 105 ദിവസം മൂപ്പുള്ള പാരമ്പര്യ നെല്ലിനങ്ങൾക്ക് പകരം 120 ദിനത്തിൽ അധികമുള്ള നെല്ലിനങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ കൃഷിയുടെ കാലദൈർഘ്യം വർദ്ധിക്കുകയും ബണ്ട് കൂടുതൽ കാലം അടച്ചിടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു.
മത്സ്യ സമ്പത്തിൽ കുറവ്
ബണ്ടിന്റെ പ്രവർത്തനം വഴി കായലിൽ ഉണ്ടായ മാറ്റം ഏറ്റവും പ്രതികൂലമായി പ്രതിഫലിച്ചത് മത്സ്യസമ്പത്തിലാണ്. കീടനാശിനികളും രാസവളങ്ങളും വിസർജ്യ വസ്തുക്കളും മൂലമുള്ള ജലമലിനീകരണം കായലിലെ പ്രധാന വിഭവമായ കക്കയുടെ വംശനാശത്തിനിടയാക്കി. ആറ്റുകൊഞ്ചിന്റെ എണ്ണത്തിലെ കുറവ് , കണ്ടൽ കാടുകളുടെ തിരോധാനം, അനിയന്ത്രിതമായി പെരുകുന്ന ജല കളകൾ, കുളവാഴ കൊണ്ടുള്ള പ്രശ്നങ്ങൾ, മത്സ്യരോഗം തുടങ്ങിയവയ്ക്കും ജലമലിനീകരണം കാരണമാകുന്നു.
നിലവിൽ തണ്ണീർമുക്കം ബണ്ട് വർഷത്തിൽ അടച്ചിടുന്നത് : 122 ദിവസം(ശരാശരി)
പരിസ്ഥിതി സൗഹൃദ കൃഷി വേണം
കുട്ടനാടിന്റെ പരിസ്ഥിതിയെ പുനരധിവസിപ്പിക്കാൻ പ്രകൃതിയുടെ താളത്തിനൊത്ത പരിസ്ഥിതി സൗഹൃദമായ കൃഷിസംവിധാനം അത്യന്താപേക്ഷിതമാണ്. കാർഷിക കലണ്ടർ ഇതിന് തുടക്കമാകും.
-കെ. ജി പദ്മകുമാർ ( അന്തർദേശീയ കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ)