ആലപ്പുഴ: യുവാവിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താൻ പൊലീസ് ശ്രമിച്ചില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. പായിപ്പാട് മലാൽ വീട്ടിൽ സോജു തോമസ് വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ അധികാരികൾ തയാറാവുന്നില്ലെന്നാണ് മാതാവ് സീസാമ്മ കുഞ്ഞുമോന്റെ പരാതി. 2013 ആഗസ്റ്റ് എട്ടിനാണ് സോജു വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്തത്. മരിക്കും മുമ്പ് എഴുതിയ കുറിപ്പ് പൊലീസ് തങ്ങളെ കാണിച്ചിട്ടില്ലെന്ന് മാതാവ് പറയുന്നു. യുവാവിന്റെ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കാനോ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനോ തയാറാകാതെ ഉദ്യോഗസ്ഥർ വിഷയത്തിൽ ഉദാസീനത കാണിച്ചതായും സീസാമ്മ ആരോപിച്ചു. ലോക്കൽ പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറണമെന്നും സീസാമ്മ കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.