കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അറസ്റ്റുചെയ്ത അഞ്ചാംപ്രതി കെ.ടി.റമീസ്, ആറാംപ്രതി എ.എം. ജലാൽ എന്നിവരെ കസ്റ്റഡിയിൽ കിട്ടുന്നതിന് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകി. ഇന്ന് പരിഗണിച്ചേക്കും. സ്വർണക്കടത്തിലെ മുഖ്യസൂത്രധാരനാണ് റമീസെന്ന് എൻ. ഐ.എ കണ്ടെത്തിയിരുന്നു. സ്വർണക്കടത്തിലെ കള്ളപ്പണം പ്രതികൾ വെളുപ്പിച്ചെന്ന ആരോപണത്തെത്തുടർന്നാണ് ഇ.ഡി കേസെടുത്തത്. ചോദ്യം ചെയ്യാൻ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡിയുടെ അസി. ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ അപേക്ഷയിൽ പറയുന്നു.തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ കഴിവതും വേഗം ചോദ്യം ചെയ്യാനാണ് ശ്രമം.