തിരുവന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ യുവമാദ്ധ്യമ പ്രവർത്തകനുള്ള 2019ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ അർഹനായി. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 2018ൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം.
കോട്ടയം മണിമല ആലപ്ര ഗോകുലത്തിൽ ചന്ദ്രശേഖരപിള്ളയുടെയും വത്സലകുമാരിയുടെയും മകനായ രാഹുൽ 2010 മുതൽ കേരളകൗമുദിയിൽ മാദ്ധ്യമ പ്രവർത്തകനാണ്. 2017മുതൽ കോട്ടയം ബ്യൂറോ ചീഫാണ്. തൃശൂർ പ്രസ് ക്ളബിന്റെ ടി.വി അച്യുതവാര്യർ പുരസ്കാരം, കോഴിക്കോട് ശാന്താദേവി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ഉമ ഉണ്ണികൃഷ്ണൻ. മക്കൾ: ശ്രീറാം ശേഖർ, ശിവാനി ശേഖർ.