തിരുവനന്തപുരം: കായിക രംഗത്ത് കേരളം എല്ലാ അർത്ഥത്തിലും ഒന്നാം സ്ഥാനത്തേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൃശൂർ കൈപ്പറമ്പ് ഇൻഡോർ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂർ പിലാത്തറ ഇൻഡോർ സ്റ്റേഡിയം, പാലക്കാട് കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോക നിലവാരമുള്ള കളിക്കളങ്ങൾ നാടെങ്ങും തയാറാവുന്നു. കായിക താരങ്ങൾക്ക് മികച്ച പരിശീലനത്തിനൊപ്പം പ്രതിഭയുള്ള കുട്ടികൾക്ക് കളിച്ച് വളരാനും പൊതുജനങ്ങൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാനും വിപുലമായ അവസരങ്ങളാണ് വരുന്നത്.
കിഫ്ബിയിൽ ഉൾപ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങൾക്കും 43 പഞ്ചായത്ത്, മുൻസിപ്പാലിറ്റി സ്റ്റേഡിയങ്ങൾക്കും 1000 കോടി രൂപ അനുവദിച്ചു. കിഫ്ബി അംഗീകരിച്ച 43 കായിക സമുച്ചയങ്ങളിൽ 26 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് 43 ഫുട്ബോൾ ഗ്രൗണ്ടുകൾ, 27 സിന്തെറ്റിക് ട്രാക്കുകൾ, 33 സ്വിമ്മിംഗ് പൂളുകൾ, 33 ഇൻഡോർ സ്റ്റേഡിയങ്ങൾ എന്നിവയുണ്ടാകും. ദേശീയ, അന്തർദേശീയ മത്സരങ്ങൾ നടത്താൻ കഴിയുന്ന രീതിയിൽ ഉന്നത നിലവാരമുള്ള കളിക്കളങ്ങളാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.