കുറ്റ്യാടി: കൊവിഡ് വിതച്ച കെടുതിയിൽ നിന്ന് മെല്ലേ മെല്ലേ മറ്റ് മേഖലകൾ കരകയറിത്തുടങ്ങിയെങ്കിലും കൊല്ലപ്പണിക്കാരുടെ ദുരിതം ചുട്ടുപൊള്ളുകയാണ്. ഗ്രാമങ്ങളിലെ കൃഷിക്കാർക്ക് ആവശ്യമായ കൈക്കോട്ടും, അരിവാളും, വെട്ടുകത്തിയും കൊല്ലപ്പണിക്കാരന്റെ ആലയിൽ നിന്നായിരുന്നു പണിതിരുന്നത്.
എന്നാൽ കൊവിഡ് തൊഴിൽ മേഖലയിൽ പിടിമുറുക്കിയതോടെ കൊല്ലപ്പണിക്കാരുടെ ജീവിതവും അവതാളത്തിലായി. പലർക്കും ജോലി നഷ്ടപ്പെട്ടു. ചിലർ മേഖല വിട്ടു പോയി.പലയിടത്തും കൊല്ലാലകൾ പഴങ്കഥയായി. പുതിയ തലമുറ മറ്റ് തൊഴിൽ തേടി പോയതോടെ പരമ്പരാഗതമായി ജോലി ചെയ്തിരുന്ന വിരളിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴുളളത്.ചിരട്ടയുടെ വില കൂടിയതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെടുന്നതും ആവശ്യക്കാർ കുറഞ്ഞതും കൊല്ലപ്പണിയുടെ നിലനിൽപ്പിന് ഭീഷണിയായി തുടരുമ്പോഴാണ് കൂനിൻമേൽ കുരുവായി കൊവിഡും വന്നത്.
ആധുനികവൽക്കരിച്ച് മേഖലയെ തിരിച്ചു കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം കൊല്ലപ്പണിക്കാരും. തൊഴിൽ നിലനിൽപ്പിന് വൈദ്യുതീകരണം ആവശ്യമാണ്. പെൻഷനും മറ്റ് ആനുകൂല്യങ്ങളും സംവരണവും നൽകി കൊല്ലപ്പണിക്കാരെയും കുടുംബത്തെയും സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊല്ലപ്പണിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ യൂണിയനുകൾ ഒന്നുമില്ല.