മലപ്പുറം: മുസ്ളിം ലീഗിനെതിരെയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷവിമർശനം യു.ഡി.എഫിലെ ലീഗിന്റെ സജീവതയ്ക്കുള്ള സർട്ടിഫിക്കറ്റായാണ് കാണുന്നതെന്ന് മുസ്ളിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. യു.ഡി.എഫ് ഭരണം വന്നാൽ ലീഗിന് ആധിപത്യമുള്ള സർക്കാരുണ്ടാക്കാൻ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമിയടക്കമുള്ള വർഗീയ ശക്തികളുമായി ലീഗ് കൂട്ടുകെട്ടുണ്ടാക്കുന്നെന്ന കോടിയേരിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിന്റെ വർഗീയ കാർഡുകൾ എല്ലാക്കാലത്തും ഒന്നായിരിക്കില്ല. ആവശ്യത്തിനനുസരിച്ച് മാറിമാറിയെടുക്കും. കേരളത്തിൽ ബി.ജെ.പിയുമായി നേരിട്ട് പോരാടുന്നത് യു.ഡി.എഫാണ്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ മഞ്ചേശ്വരത്ത് ലീഗിനെ പരാജയപ്പെടുത്തുകയെന്ന നിലപാടായിരുന്നു സി.പി.എമ്മിന്റേത്. ദേശീയതലത്തിൽ സി.പി.എമ്മിനും ലീഗിനും മൂന്നു സീറ്റേയുള്ളൂ. കോൺഗ്രസാണ് ബി.ജെ.പിയെ മുന്നിൽനിന്ന് എതിർക്കുന്നത്. ഇല്ലാത്ത റോൾ ഉണ്ടെന്ന് പറഞ്ഞ് മേനിനടിക്കുക, അത് പ്രചരിപ്പിക്കുക, അങ്ങനെ ബി.ജെ.പിയെ സഹായിക്കുക എന്ന നയമാണ് സി.പി.എമ്മിന്റേതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.