പാർലമെന്റിന്റെ വർഷകാലസമ്മേളനം രാജ്യം പെട്ടന്ന് മറക്കാൻ പോകുന്നില്ല. ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും മുതലാളിത്ത കൊള്ളയുടെ ഇരകളാക്കി തീർക്കാൻ സർക്കാർ പാസാക്കിയ കിരാത നിയമങ്ങളുടെ പേരിലായിരിക്കും അത് ഓർമ്മിക്കപ്പെടുക.ബി.ജെ.പിയുടെ ചിരകാല രാഷ്ട്രീയ ബന്ധുവായ ശിരോമണി അകാലി ദൾ മന്ത്രിസഭയിൽ നിന്ന് രാജിവച്ചുകൊണ്ടാണ് വിയോജിപ്പ് അറിയിച്ചത്. കലാപത്തിനൊരുങ്ങിയ ഹരിയാനയിലെ സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയുടെ നേതാക്കൻമാരെ ബി.ജെ.പി പാട്ടിലാക്കിയെങ്കിലും അണികളിൽ അമർഷം പുകയുകയാണ്. സംഘ പരിവാറിലെ കുടുംബാംഗങ്ങളായ ബി.എം.എസ്, ഭാരതീയ കിസാൻ സംഘ്, സ്വദേശി ജാഗരൺ മഞ്ച് എന്നിവയും എതിർപ്പിന്റെ ഭാഷയിലാണ് ഈ നിയമങ്ങളെപ്പറ്റി സംസാരിക്കുന്നത്. ബീഹാർ തിരഞ്ഞെടുപ്പിനെ ലാക്കാക്കി തന്ത്രങ്ങൾ മെനയുന്ന ബി.ജെ.പിക്ക് ഈ എതിർപ്പുകളെ അവഗണിക്കാൻ കഴിയുകയില്ല. മോദി ഭരണത്തിന്റെ ആറ് കൊല്ലങ്ങൾക്കിടയിൽ ഇതുപോലൊരു സാഹചര്യം അവർ ആദ്യമായി അഭിമുഖീകരിക്കുകയാണ്.
പതിനെട്ട് ദിവസങ്ങൾ ചേരാൻ നിശ്ചയിച്ച പാർലമെന്റ് സമ്മേളനം പത്ത് ദിവസങ്ങളായിവെട്ടിച്ചുരുക്കിയപ്പോഴും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എടുത്തെറിയുന്ന ജനദ്രോഹ നിയമങ്ങൾ പാസാക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. ഇന്ത്യയുടെ വികസനത്തിന്റെ കടിഞ്ഞാൺ വിദേശ മൂലധനശക്തികളെ ഏൽപ്പിക്കാൻ നിശ്ചയിച്ചുറച്ച ഗവൺമെന്റിന് ഈ നിയമങ്ങൾ പാസാക്കിയെടുത്തേ മതിയാകുമായിരുന്നുള്ളൂ. പ്രതിപക്ഷ വിമർശനങ്ങളെ വർഷകാല സമ്മേളനത്തിൽ അവർ നേരിട്ട രീതി വിധേയൻമാരുടെ അമിതാധികാര പ്രവണത വിളിച്ചറിയിക്കുന്നതായിരുന്നു. പത്ത് സിറ്റിംഗുകളിലായി 25 ബില്ലുകളാണ് സർക്കാർ പാസാക്കിയത്. ദോശ ചുടുന്നത് പോലെ എന്ന് പറഞ്ഞാൽ മതിയാകില്ല. തങ്ങൾ 'സംഘടിപ്പി"ച്ചെടുത്ത ഭൂരിപക്ഷം ചോർന്ന് പോകുമോ എന്ന് ഭരണപക്ഷം ചിന്തിച്ചത് കൊണ്ടാകാം വോട്ടെടുപ്പുകളെ സർക്കാർ ഭയപ്പെടുകയായിരുന്നു.
എട്ട് എം.പിമാർ സസ്പെൻഡ് ചെയ്യപ്പെട്ട സംഭവം ഉൾപ്പെടെ അസാധാരണമായ പല രംഗങ്ങൾക്കും രാജ്യസഭ സാക്ഷിയായത് ആ ഭയപ്പാട് മൂലമാണ്.
കർഷകന്റെ മരണമണി
ഇന്ത്യൻ കർഷകന്റെ മരണമണിയായി മാറുന്ന മൂന്ന് നിയമങ്ങൾ നിലവിൽ വന്നിരിക്കുന്നു (1) കാർഷികോത്പന്ന വ്യാപാര വാണിജ്യ നിയമം (2) കർഷക (ശാക്തീകരണ, സംരക്ഷണ ) നിയമം, (3) അവശ്യസാധന നിയമ ഭേദഗതി. ഇന്ത്യൻ കാർഷിക മേഖല മുഴുവൻ, എത്ര കിട്ടിയാലും മതിവരാത്ത 'അഗ്രിബ ബിസിനസ് " കോർപറേറ്റുകൾക്ക് അടിയറ വയ്ക്കപ്പെടുകയാണ്. കരാർ കൃഷി എന്ന മരണക്കുരുക്കുമായാണ് അവർ കർഷക സ്നേഹം വിളംബരം ചെയ്യുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ ഇന്ത്യൻ കർഷകരിലെ 86.2 ശതമാനം അഞ്ച് ഏക്കറിൽ താഴെ മാത്രം ഭൂമി ഉള്ളവരാണ്. അവർക്ക് എവിടെയും പോയി, ആരുമായും കരാറുണ്ടാക്കി ഉത്പന്നങ്ങൾക്ക് മതിയായ വില നേടാമെന്നാണ് സർക്കാരിന്റെ പ്രലോഭനം. പരന്ന പാത്രത്തിൽ കൊറ്റിക്ക് സൂപ്പ് വിളമ്പിയ കഥയിലെ കുറുക്കൻ ബി ജെ പിയായി വേഷം മാറിവന്നുവോ എന്ന് ആരും സംശയിച്ച് പോകും. അർദ്ധ പട്ടിണിക്കും മുഴുപട്ടിണിക്കും ഇടയിൽ ഏന്തി വലിയുന്ന കൃഷിക്കാർ വില പേശേണ്ടത് റിലയൻസിനോടും അദാനി വിൽമാറിനോടും ആഗോള കുത്തകയായ മൊൻസാന്റോയോടുമാണ്. ഈ വിലപേശലിൽ കർഷകന് വേണ്ടതെല്ലാം കിട്ടും എന്ന് പറയുന്നവർ അഹമ്മദാബാദിലെ ഉരുളക്കിഴങ്ങ് കർഷകരുടെ അനുഭവം മറച്ച് വയ്ക്കുകയാണ്. പെപ്സികോയുമായി കരാർ ഉണ്ടാക്കിയ ഒൻപത് കൃഷിക്കാരിൽ നിന്ന് ഒരു കോടി രൂപയാണ് ബഹുരാഷ്ട്ര ഭീമൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്!
നിയമനിർമ്മാണ വേളയിൽ കർഷകരോട് കാണിച്ച കൊടും ചതി മൂടിവയ്ക്കാൻ നിയമം പാസാക്കി ഏതാനും മണിക്കൂറുകൾക്കകം മന്ത്രിസഭ ചേർന്ന ്താങ്ങുവിലയിൽ വർദ്ധന വരുത്തിയെന്ന് പ്രഖ്യാപിച്ച സർക്കാരിന്റെ പൊടിക്കൈ രാജ്യം കണ്ടു. അവരുടെ നിയമത്തിൽ അതെഴുതി ചേർക്കാൻ തയ്യാറുണ്ടോ എന്ന വെല്ലുവിളിക്ക് മുന്നിൽ വഴുതി മാറിയതും ഇതേ സർക്കാർ തന്നെ. ഇതെല്ലാമായിട്ടും തന്റെ പതിവ് ശൈലിയിൽ പ്രധാനമന്ത്രി പറയുന്നത് ഇത്രയേറെ കർഷക സ്നേഹം തുളുമ്പുന്ന ഒരു ഗവൺമെന്റ് ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നാണ് !
തൊഴിലാളിയെ അടിമയാക്കുന്നു
മൂലധനശക്തികളും അവർക്ക് വേണ്ടി ഭരിക്കുന്ന സർക്കാരും എന്നും എവിടെയും ഏറ്റവും ഭയപ്പെടുന്നത് സംഘടിത തൊഴിലാളി വർഗത്തെയാണ്. ആ വ ർ ഗത്തിന്റെ സമരശേഷി തളർന്നാൽ കമ്പോളാധിപത്യത്തിന്റെ പാത സുഗമമാകുമെന്ന് അവർക്കറിയാം. ലേബർ കോഡ് എന്ന് ഓമനപ്പേരിട്ട് തൊഴിലാളി വിരുദ്ധ നിയമങ്ങളുമായി കുറേക്കാലമായി അവർ ചുറ്റിത്തിരിയുകയായിരുന്നു. ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് മേൽ പറന്നിറങ്ങാൻ എഫ് .ഡി.ഐ കഴുകൻമാർ തിടുക്കം കൊള്ളുമ്പോൾ ഇനി കാത്തിരിക്കാൻ വയ്യെന്ന നിർബന്ധബുദ്ധിയിലെത്തി, ഗവൺമെന്റ്. അങ്ങനെയാണ് താഴെ പറയുന്ന മൂന്ന് നിയമങ്ങളും പാസാക്കിയത്. സോഷ്യൽ സെക്യൂരിറ്റി കോഡ് (സാമൂഹിക സുരക്ഷാചട്ടം) ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (വ്യവസായ ബന്ധ ചട്ടം) ഒക്യുപേഷണൽ സേഫ്റ്റി , ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടിഷൻസ് കോഡ് (തൊഴിൽ സുരക്ഷ, ആരോഗ്യ പരമായ തൊഴിൽ സാഹചര്യങ്ങൾ).
'തൊഴിലാളി" എന്ന വാക്കിന്റെ നിർവചനം പോലും അവർ മാറ്റിമറിച്ചു. ഒരു ഫാക്ടറിയിൽ വ്യവസായ തർക്ക നിയമം ബാധകമാകണമെങ്കിൽ മിനിമം നൂറ് തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നുണ്ടാവണം എന്നായിരുന്നു വ്യവസ്ഥ. ബി.ജെ.പി അത് മുന്നൂറാക്കി. ആ നടപടിയിലൂടെ സംഘടിതമേഖലയിലെ തൊണ്ണൂറ് ശതമാനം തൊഴിലാളികളെ അവർ നിയമപരിരക്ഷയ്ക്ക് പുറത്താക്കി. സ്ഥിരം തൊഴിൽ എന്നതിന് പകരം നിശ്ച്ചിതകാല തൊഴിൽ എന്നസമ്പ്രദായം വരികയാണ്. റിട്ടയർമെന്റ് ആനുകൂല്യങ്ങളെല്ലാം അതോടെ കടംകഥയായി മാറും.സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം തട്ടിപ്പറിച്ച് തൊഴിലാളിയെ കൂലി അടിമയാക്കാനാണ് സർക്കാർ പുറപ്പാട്. ഇന്ത്യൻ തൊഴിൽശക്തിയുടെ 90ശതമാനവും പണിയെടുക്കുന്നത് അസംഘടിതമേഖലയിലാണ്. അതിന്റെ ഭാഗമായകുടിയേറ്റ തൊഴിലാളികളുടെ യഥാർത്ഥ ജീവിതാവസ്ഥ ലോക്ക് ഡൗൺ ദിനങ്ങളിൽ ഇന്ത്യ കണ്ടു. അവരെയൊന്നും തുണയ്ക്കാൻ ഇനി നിയമങ്ങൾ ശ്രമിക്കേണ്ടതില്ലെന്ന വ്യക്തമായ സന്ദേശം ഗവൺമെന്റ് നൽകിക്കഴിഞ്ഞു.
സബ് കാ സാഥ് (എല്ലാവരുടെയും കൂടെ ) എന്ന് എല്ലായിപ്പോഴും പറയുന്ന ഒരു സർക്കാർ സ്വന്തം ജനതയുടെ ആകാശവും ഭൂമിയും പാതാളവും വരെ വിദേശ മൂലധനത്തിന് അടിയറവ് വയ്ക്കുമ്പോൾ പുതിയ രൂപത്തിലുള്ള വൈദേശിക അധിനിവേശത്തിന് കളമൊരുങ്ങുകയാണ്. ഇവിടെ ഒരു പുതിയ മതവും ദൈവവും ദേവാലയവും വേരുറപ്പിച്ച് കഴിഞ്ഞു. ആർത്തിയാണ് ആ മതം. ലാഭം ആണ് ആ ദൈവം. കമ്പോളമാണ് ആ ദേവാലയം. അവയെ പ്രീതിപ്പെടുത്താൻ മോദി ഗവൺമെന്റ് ഉയർത്തിയ പ്രാർത്ഥനാ മന്ത്രങ്ങളാണ് ഇപ്പോൾ പാസാക്കിയ നിയമങ്ങൾ.
വർഷ കാല സമ്മേളനം പ്രതിസന്ധിയുടെ ആഴവും വെല്ലുവിളികളുടെ രൂക്ഷതയും മാത്രമല്ല വിളിച്ച് പറഞ്ഞത്. സാദ്ധ്യതയുടെ പുതിയ ഉണർവിനെ പറ്റിയും അത് ചൂണ്ടിക്കാണിക്കുന്നു. കർഷക ദ്രോഹനിയമങ്ങളെ ചെറുക്കാൻ ഗ്രാമങ്ങൾ തോറുമുണ്ടായ ഉയർത്തെഴുന്നേൽപ്പിന് ദൂരവ്യാപകമായ അർത്ഥമുണ്ട്. ആ ജനവിഭാഗത്തിന്റെ പ്രതിഷേധ സ്വരം കേട്ട് കൊണ്ടാണ് പാർലമെന്റിലെ പതിനെട്ട് പാർട്ടികൾ കൈകോർത്ത് പിടിച്ചത്. ഈ നിയമങ്ങൾക്ക് അംഗീകാരം കൊടുക്കരുതെന്ന് അവർ രാഷ്ട്രപതിയോട് ഒന്നിച്ച് ആവശ്യപെട്ടു.ജനതാത്പര്യങ്ങളെ മുൻനിറുത്തിയുള്ള സമരങ്ങളുടെ ഐക്യവേദി ശക്തി പ്രാപിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് അത് വഴി തുറക്കും.