ഡിസ്ചാർജ് 35 ദിവസത്തിന് ശേഷം
ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
വിദഗ്ദ്ധ ചികിത്സ നൽകും
പേരൂർക്കട : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയെ വീട്ടിൽ കൊണ്ടുവന്ന് വസ്ത്രം മാറ്റിയപ്പോൾ ശരീരത്തിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നെന്ന് ബന്ധുക്കളുടെ പരാതി. മരത്തിൽ നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശി അനിൽകുമാറിനാണ് (55) ദാരുണമായ അനുഭവമുണ്ടായത്.
കഴുത്തിന്റെ പിറകുഭാഗത്തെ മുറിവിലാണ് പുഴുക്കളെ കണ്ടത്. മലമൂത്ര വിസർജനം നടത്തിയ ഡയപ്പറുകൾ കൃത്യമായി മാറ്റാതെ അരയ്ക്കു താഴെ മുറിഞ്ഞ് അണുബാധയുണ്ടായെന്നും വീട്ടുകാർ പറയുന്നു.
ഭാര്യയുടെയും മകളുടെയും പരാതിയിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോക്ടർ റംലാ ബീവിയോട് അടിയന്തര റിപ്പോർട്ട് തേടി. അനിൽകുമാറിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷനും ബന്ധുക്കൾ പരാതി നൽകി.
വട്ടിയൂർക്കാവ് തോപ്പുമുക്ക് നേതാജി റോഡ് ടി.സി 6/244ൽ വാടകയ്ക്ക് താമസിച്ചു വരുന്ന അനിൽകുമാറിനെ 35 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്ത്. ആഗസ്റ്റ് 21ന് മരത്തിൽ നിന്നു വീണു പരിക്കേറ്റതിനെ തുടർന്ന് ആദ്യം പേരൂർക്കട ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാക്കി. ഓർത്തോ ഐ.സിയുവിൽ പ്രവേശിപ്പിച്ച അനിൽകുമാറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനാൽ അവിടെ ചികിത്സ തുടർന്നു. ഐ.സി.യുവിൽ നിന്നു മൂന്നാം ദിവസം 15ാം വാർഡിലേക്ക് മാറ്റി. തുടർന്നുള്ള കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ബന്ധുക്കളോട് ക്വാറന്റൈനിൽ പോകാൻ നിദേശിച്ചു. അനിൽകുമാറിനെ കൊവിഡ് വാർഡിലേക്ക് മാറ്റിയെങ്കിലും വീഴ്ചയിലുണ്ടായ പരിക്കുകൾ ആശുപത്രി അധികൃതർ ശ്രദ്ധിച്ചില്ലെന്നാണ് പരാതി.
അനിൽകുമാറിനെ പ്രവേശിപ്പിച്ച വാർഡിൽ എല്ലാദിവസവും മകൾ വിളിച്ച് വിവരം തിരക്കിയിരുന്നെങ്കിലും കുഴപ്പമില്ലെന്ന മറുപടിയാണ് നൽകിയിരുന്നത്. കൊവിഡ് ഫലം നെഗറ്റീവായതോടെ 26ന് ആശുപത്രി അധികൃതർ അനിലിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യുമെന്ന് അറിയിച്ചു. 27ന് ഉച്ചയോടെ വീട്ടിലെത്തിച്ച് വസ്ത്രങ്ങൾ മാറ്റുന്നതിനിടെയാണ് മുറിവിൽ പുഴുക്കളെ കണ്ടെത്തിയത്.