കൊവിഡ് വൈറസിനൊപ്പമാകും ഇനി കുറച്ചുകാലം ജീവിക്കേണ്ടിവരികയെന്ന് ആരോഗ്യ വിദഗ്ദ്ധന്മാരും ഭരണാധികാരികളും പറഞ്ഞപ്പോൾ ഇത്ര ഭയാനകമായ തോതിലാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവു വന്നതോടെ രോഗപ്പകർച്ചയും അതിവേഗത്തിലായെന്നത് യാഥാർത്ഥ്യമാണ്. രാജ്യം മുന്നോട്ടു ചലിക്കണമെങ്കിൽ എല്ലാ മേഖലകളും പ്രവർത്തന നിരതമായേ പറ്റൂ.ലോകം ഒന്നടങ്കം മഹാമാരിയുടെ പിടിയിലായിട്ടും കാര്യങ്ങൾ ഇപ്പോഴും ലാഘവത്തോടെ കാണാൻ ശ്രമിക്കുന്നവരുണ്ട്. രോഗവ്യാപനത്തിന്റെ തോതു കൂട്ടുന്നത് പ്രധാനമായും ഈ ഗണത്തിൽപ്പെടുന്നവരാണ്. ആദ്യ നാളുകളിൽ രോഗവ്യാപനം പിടിച്ചുനിറുത്തുന്നതിൽ ലോകത്തിനു മാതൃക കാണിച്ച കേരളത്തിലും സ്ഥിതി വളരെയധികം മോശമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസവും ഏഴായിരത്തിലധികമാണ് പുതിയ രോഗികൾ.
യുവാക്കളിൽ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യവകുപ്പുമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ വേണ്ടിയാണ്. കൊവിഡ് ബാധിതരിൽ ഭൂരിഭാഗവും ഇരുപതിനും നാല്പതിനുമിടയ്ക്കു പ്രായമുള്ള യുവാക്കളാണെന്നാണ് മന്ത്രി പറഞ്ഞത്. ആരോഗ്യമുള്ളവരായതിനാലാണ് വലിയ പ്രശ്നങ്ങളില്ലാതെ പോകുന്നത്. എന്നാൽ സമ്പർക്കം വഴി ഇവർ പ്രായമായവരിലേക്ക് എളുപ്പം രോഗം പകർത്തുന്നു. രോഗപ്പകർച്ച നിയന്ത്രണാതീതമായിത്തീർന്നാൽ വീണ്ടും നിയന്ത്രണങ്ങളിലേക്കു പോകേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്. കോഴിക്കോട് ജില്ലയിൽ ചില നിയന്ത്രണങ്ങൾ ഇതിനകം ഏർപ്പെടുത്തിക്കഴിഞ്ഞു. രോഗവ്യാപനം കൂടുതൽ തീവ്രമായ തിരുവനന്തപുരം, കൊച്ചി, മലപ്പുറം തുടങ്ങിയ ജില്ലകളിലെ സ്ഥിതിയും വളരെ ഉത്ക്കണ്ഠാജനകമായിരിക്കുകയാണ്. രോഗം പകരാതിരിക്കാനുള്ള കരുതൽ സ്വയം സ്വീകരിക്കുക എന്ന മാർഗമേ ജനങ്ങളുടെ മുൻപിലുള്ളൂ.
സാമൂഹിക അകലം പാലിക്കലാണ് രോഗപ്പകർച്ച തടയാനുള്ള ഏറ്റവും നല്ല ഉപാധി.. പലവിധ സമരങ്ങൾ ഗുരുതരമായ ആരോഗ്യഭീഷണിയാണ്.
കൊവിഡ് പോസിറ്റീവായി കണ്ടെത്തുന്നവരിൽ നല്ലൊരു ഭാഗം ആശുപത്രികളിലെത്താത്തതുകൊണ്ടു മാത്രമാണ് ആശുപത്രി സംവിധാനങ്ങൾ കൂടുതൽ അവതാളത്തിലാകാത്തത്. വ്യാപനം കൂടുകയും രോഗികൾ വർദ്ധിക്കുകയും ചെയ്താൽ സ്ഥിതി രൂക്ഷമായേക്കും.കഴിഞ്ഞ ദിവസം മലപ്പുറത്ത് ഗർഭിണിയായ യുവതിയെയും കൊണ്ട് ബന്ധുക്കൾ ആശുപത്രികൾ തോറും കയറിയിറങ്ങിയതും ഒടുവിൽ സിസേറിയനിടെ ഇരട്ടക്കുട്ടികൾ മരണമടഞ്ഞതുമായ ദാരുണ സംഭവം ഈ കൊവിഡ് കാലത്തെ ഇത്തരം സംഭവങ്ങളിൽ ഒന്നു മാത്രമാണ്. കൊവിഡ് വ്യാപനം ഇനിയും തീവ്രമായാൽ ആശുപത്രിയുടെ വാതിലുകൾ സാധാരണ രോഗികൾക്കു മുൻപിൽ കൊട്ടിയടയ്ക്കപ്പെടുന്ന അത്യന്തം വേദനാജനകമായ സ്ഥിതി ഉണ്ടാകും. അത്തരം ദുഃഖകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനുള്ള കരുതലെടുക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. വീണ്ടുമൊരു സമ്പൂർണ അടച്ചിടൽ ചിന്തനീയമല്ല. അതേസമയം ചില നിയന്ത്രണങ്ങൾ കൂടിയേ തീരൂ എന്ന സ്ഥിതിയുമുണ്ട്. ആദ്യ നാളുകളിൽ പുലർത്തിയ ജാഗ്രതയും കരുതലും അന്നത്തെക്കാൾ തീവ്രമായി പാലിക്കാൻ ജനങ്ങളും തയാറാകണം.