കണ്ണൂർ :കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ശുശ്രൂഷിക്കുന്നതോടൊപ്പം വേറിട്ടൊരു പ്രവർത്തന രീതിയുമായി മുന്നോട്ടു പോകുകയാണ് സർക്കാർ ആയുർവേദ ജീവനക്കാർ. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിൽ കഴിഞ്ഞ 10 ദിവസമായി ഡ്യൂട്ടിയിലാണ് നോഡൽ ഓഫീസർ ഡോ: ശ്രീരാഗ് ഹെഡ് നഴ്സ് മാരായ സൗദാമിനി ,റോസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം.
മാനസിക സമ്മർദ്ദത്തിലും അരക്ഷിതാവസ്ഥയിലും കൊവിഡ് കാലഡൂട്ടിയിലും ആനന്ദവും ധൈര്യവും നൽകിയുള്ള പ്രവർത്തനമാണ് പിണറായി ഗവ. ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനായ കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിൽ നടക്കുന്നത്.വിശ്രമവേളയിൽ ഔഷധസസ്യങ്ങളിൽ പ്രധാനമായ തുളസി നട്ടും കൊവിഡ് മാനദണ്ഡം പാലിച്ച് കലാപരിപാടികൾ അവതരിപ്പിച്ചും ജില്ലാ ആശുപത്രി ഉൾപ്പെടെ ഉള്ള ജീവനക്കാർക്ക് ആയുവേദ പ്രതിരോധ കിറ്റുകൾ നൽകിയുമൊക്കെ ഇവർ സജീവമാണ്. അന്തരീക്ഷ മാലിന്യം ഇല്ലായ്മ ചെയ്യുന്നതിനും സൂഷ്മജീവികളിൽ നിന്ന് രക്ഷനേടാനും ഔഷധം പുകയ്ക്കലും കഷായം തയ്യാറാക്കി വിതരണം ചെയ്യലുമൊക്കെയായി ഇവർ പ്രവർത്തനിരതരാണ്.ഡി. എം. ഒ ഇൻ ചാർജ് ഡോ. സുധയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആയുർവേദ പ്രതിരോധ കിറ്റുകളും നൽകുന്നുണ്ട്.