കണ്ണൂർ : ഉത്തര മലബാറിലെ കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കാനും കാർഷിക വിളകൾ വൈവി്ധ്യവത്കരണത്തിലൂടെ വിപണിയിലെത്തിക്കാനും ഉപകാരപ്പെടുമായിരുന്ന ഫുഡ് പാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നൽകിയ പ്രൊജക്ട് റിപ്പോർട്ടിന് അനുകൂലമായി പ്രതികരിച്ചെങ്കിലും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
അന്നത്തെ കൃഷിമന്ത്രി കെ .പി മോഹനന് വിവിധ സന്നദ്ധ സംഘടനകൾ ഫുഡ് പാർക്ക് എന്ന പദ്ധതിയുടെ രൂപ രേഖ സമർപ്പിച്ചതാണ് ഫുഡ് പാർക്ക് പദ്ധതിയുടെ ആദ്യപടി.തുടർന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ഹർസിമ്രത് കൗർ പ്രോജക്ട് റിപ്പോർട്ട് ഏറ്റുവാങ്ങിയത്. എൽ.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം കൃഷിമന്ത്രി വി. എസ് സുനിൽ കുമാർ ഫുഡ് പാർക്ക് പദ്ധതിക്കായി കേന്ദ്രത്തിൽ ഇടപെട്ടിരുന്നു.എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം ഇതുവരെ അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല.കൂത്തുപറമ്പ് വലിയ വെളിച്ചം വ്യവസായ വളർച്ച കേന്ദ്രത്തിൽ ഫുഡ് പാർക്കിന് സ്ഥലമടക്കം കണ്ടെത്തിയ അവസ്ഥയിലാണ് പദ്ധതി എങ്ങുമെത്താതെ പോയത്.
വഴിമുട്ടി കാർഷിക വ്യവസായ വളർച്ച
ഉത്തര മലബാറിലെ പ്രധാന വിളകളായ, കുരുമുളക്, ഇഞ്ചി , മഞ്ഞൾ, കശുവണ്ടി, മാങ്ങ, തേങ്ങ, പപ്പായ, ചക്ക, കൊക്കോ, അരി , വാഴപ്പഴം, തുടങ്ങിയവ ശേഖരിക്കുകയും സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയാൽ കർഷകർക്ക് ഏറെ പ്രയോജനകരമാകുമെന്നായിരുന്നു പ്രൊജക്ട് റിപ്പോർട്ടിലെ കണ്ടെത്തൽ. വ്യാവസായിക വളർച്ചയും വമ്പിച്ച തൊഴിൽ സാദ്ധ്യതയും ഇതിലൂടെ ലഭിക്കുമെന്നും പദ്ധതിയുടെ നേട്ടമാണ്.
ഫുഡ് പാർക്ക് പ്രവർത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ, ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ എന്നിവർക്ക് നിവേദനം നൽകി.
സി ജയചന്ദ്രൻ, ദിശ ചെയർമാൻ