മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെ കൊവിഡ് റഫറൽ ആശുപത്രിയാക്കി മാറ്റി ഇതര ചികിത്സകളും ആരംഭിക്കണമെന്ന നിർദ്ദേശം സർക്കാർ അവഗണിച്ചതാണ് ഇരട്ടക്കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കൊപ്പം താലൂക്ക് ആശുപത്രികളിൽ കൂടി ചികിത്സ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു. മെഡിക്കൽ കോളേജിലെ ഒരു ബ്ലോക്ക് മാത്രം കൊവിഡിന് നീക്കിവച്ച് ബാക്കി ജനറൽ ചികിത്സയ്ക്ക് മാറ്റിവയ്ക്കണം. സർക്കാർ ഗൗരവമായി ശ്രദ്ധിക്കേണ്ട കാര്യമാണിത്. പ്രസവചികിത്സയെങ്കിലും പുനരാംരംഭിക്കണം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയാണിത്. രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നതിനാൽ ഇനി വെന്റിലേറ്ററുകൾ തികയാതെ വരും. എല്ലാം സമരം കൊണ്ടാണെന്ന് പറഞ്ഞു നിൽക്കാതെ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ ഒരുക്കുന്നതിന് എം.പി ഫണ്ടിൽ നിന്ന് ഒരുകോടി രൂപ അനുവദിച്ചെങ്കിലും നടപടിക്രമങ്ങളിൽപ്പെട്ട് ഒന്നുമായിട്ടില്ല. സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ഇഴഞ്ഞാണ് നീങ്ങുന്നത്. കൊവിഡിനെ നേരിടുന്നതിൽ സർക്കാർ തീർത്തും പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.