ദുബായ് :സൂപ്പർ ഓവറിലെ അവസാന പന്തുവരെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ കീഴടക്കി ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്. ഇരുടീമുകളും നിശ്ചിത 20 ഓവറുകളിൽ 201 റൺസ് വീതമെടുത്തപ്പോഴാണ് വിജയിയെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർഓവറിൽ മുംബയ് നൽകിയ എട്ടു റൺസിന്റെ ലക്ഷ്യം അവസാന പന്തിലാണ് ബാംഗ്ളൂർ കണ്ടെത്തിയത്.
മലയാളി താരം ദേവ്ദത്ത് പടിക്കൽ (54), ആരോൺ ഫിഞ്ച് (52), എ.ബി ഡിവില്ലിയേഴ്സ് (55*) എന്നിവരുടെ അർദ്ധസെഞ്ച്വറികൾ ആദ്യ ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂരിനെ 201/3 എന്ന സ്കോറിലെത്തിച്ചു . 99 റൺസടിച്ച ഇശാൻ കിഷനും പുറത്താകാതെ 60 റൺസ് നേടിയ പൊള്ളാഡും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 119 റൺസാണ് മുംബയ്യെ 201/5 എന്ന സ്കോറിലെത്തിച്ചത്.
ടോസ് നേടിയ മുംബയ് ഇന്ത്യൻസ് ബാംഗ്ളൂരിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഓപ്പണിംഗിനിറങ്ങിയ ദേവ്ദത്തും ആരോൺ ഫിഞ്ചും ചേർന്ന് തകർപ്പൻ തുടക്കമാണ് ബാംഗ്ളൂരിന് നൽകിയത്. ആസ്ട്രേലിയൻ ക്യാപ്ടനായ ഫിഞ്ചിനായിരുന്നു ഉശിര് കൂടുതൽ . തുടർച്ചയായി ബൗണ്ടറികൾ ഫിഞ്ചിന്റെ ബാറ്റിൽ നിന്ന് പറന്നു. ഒൻപത് ഓവറിൽ 81 റൺസിലെത്തിച്ചശേഷമാണ് ഫിഞ്ച് മടങ്ങിയത്. 35 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടിച്ച ഫിഞ്ചിനെ ബൗൾട്ടിന്റെ പന്തിൽ പൊള്ളാഡാണ് പിടികൂടിയത്.
പകരമിറങ്ങിയ നായകൻ വിരാട് കൊഹ്ലിക്ക് (3) ഇന്നലെയും തിളങ്ങാനായില്ല. 11 പന്തുകൾ നേരിട്ട കൊഹ്ലി രാഹുൽ ചഹറിന്റെ കൈയിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതോടെ ബാംഗ്ളൂർ 92/2 എന്ന സ്കോറിലെത്തി. ക്യാപ്ടൻ പോയെങ്കിലും ദേവ്ദത്ത് വീര്യം കൈവിടാതിരുന്നത് ബാംഗ്ളൂരിന് കരുത്തായി . പകരമിറങ്ങിയ എ.ബി ഡിവില്ലിയേഴ്സിന്റെ സാന്നിദ്ധ്യത്തിൽ ദേവ് ഈ സീസണിലെ തന്റെ രണ്ടാം അർദ്ധസെഞ്ച്വറിയിലേക്ക് കുതിച്ചു. നേരിട്ട 37-ാമത്തെ പന്തിലാണ് ദേവ് ഫിഫ്റ്റിയടിച്ചത്. അർദ്ധസെഞ്ച്വറിക്ക് ശേഷം മൂന്ന് പന്തുകൾ കൂടിയേ ദേവിന് ലഭിച്ചുള്ളൂ. 18-ാം ഓവറിലെ ബൗൾട്ടിന്റെ ആദ്യ പന്തിൽ ദേവ് പൊള്ളാഡിന് ക്യാച്ച് നൽകുകയായിരുന്നു. സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ 56 റൺസടിച്ചിരുന്ന ദേവ് പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിൽ ഒരു റണ്ണിന് പുറത്തായിരുന്നു. 40 പന്തുകൾ നേരിട്ട മലയാളി താരം അഞ്ചുഫോറും രണ്ട് സിക്സുമാണ് പായിച്ചത്.
തുടർന്ന് ഡിവില്ലിയേഴ്സിന്റെ സമയമായിരുന്നു. നേരിട്ട 23-ാമത്തെ പന്തിൽ ഡിവില്ലിയേഴ്സും അർദ്ധശതകത്തിലെത്തി. ടൂർണമെന്റിലെ ഡിവില്ലിയേഴ്സിന്റെയും രണ്ടാമത്തെ അർദ്ധശതകമായിരുന്നു ഇത്. 10 പന്തുകളിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റൺസുമായി ശിവം ദുബെയും തകർത്താടിയപ്പോൾ ബാംഗളൂർ 200 കടന്നു.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് 39 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ്മ (8)യെ വാഷിംഗ്ടൺ സുന്ദറും,ഡി കോക്കിനെ (14) ചഹലും സൂര്യകുമാർ യാദവിനെ (0) ഇസിരു ഉഡാനയുമാണ് മടക്കി അയച്ചത്. നാലാമനായി ഇറങ്ങിയ ഇശാൻ കിഷന് പിന്തുണ നൽകാൻ ഹാർദിക്ക് പാണ്ഡ്യയ്ക്ക് (15) കഴിഞ്ഞില്ല. പൊള്ളാഡും ഇശാനും ചേർന്ന് അവസാന ഓവറുകളിൽ ഞൊടിയിടയിൽ സ്കോർ ഉയർത്താൻ ശ്രമിച്ചത് കളി ആവേശമാക്കി.അവസാന രണ്ട് ഓവറുകളിൽ 30റൺസായിരുന്നു മുംബയ്ക്ക് വേണ്ടിയിരുന്നത്. അവസാന ഓവറിൽ 19 റൺസും.ജയിക്കാൻ 5 റൺസ് വേണ്ടിയിരുന്ന അവസാന ഒാവറിലെ അഞ്ചാം പന്തിലാണ് ഇശാൻ കിഷൻ99-ൽ ഒൗട്ടായത്. എന്നാൽ അവസാന പന്തിൽ ഫോറടിച്ച് പൊള്ളാഡ് കളി സൂപ്പർ ഓവറിലേക്ക് നീട്ടി.
സെയ്നി എറിഞ്ഞ സൂപ്പർ ഓവറിൽ മുംബയ്ക്കായി പൊള്ളാഡും ഹാർദിക്ക് പാണ്ഡ്യയും ചേർന്ന് ഏഴ് റൺസ് നേടി.പൊള്ളാഡ് ഔട്ടാവുകയും ചെയ്തു.ഡിവില്ലിയേഴ്സും കൊഹ്ലിയും ചേർന്ന് ബുംറയുടെ ഓവറിലെ അവസാനപന്തിൽ വിജയം കണ്ടു.