തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സ്വദേശി പി.ജി ശ്യാമിന്റെ ഫേസ്ബുക്ക് പാട്ടിന് പത്തരമാറ്റ് തിളക്കം. കൗതുകത്തിനൊപ്പം എല്ലാത്തരം പാട്ടുകളും പാടിപ്പഠിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഫേസ്ബുക്ക് പോസ്റ്റിംഗ് 365 ദിവസം പിന്നിട്ടു. ദിവസേനെ ഒരു പാട്ട് വീതം പാടി പോസ്റ്റ് ചെയ്താണ് ശ്യാം ശ്രദ്ധിക്കപ്പെട്ടത്. പാട്ടുപാടൽ ഒരുവർഷം പിന്നിട്ടതോടെ ശ്യാമിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹൃത്തുക്കൾ.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും പാട്ടുമായി വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു. ശ്യാമിന്റെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ പ്രാദേശിക ഗാനമേള ട്രൂപ്പിൽ ഇടം ലഭിച്ചു. പക്ഷേ, പ്രഗത്ഭരായ ഗായകർക്ക് മുന്നിൽ അവസരം കുറഞ്ഞു. ഇതിന് ശേഷമാണ് പാട്ടുകൾ പാടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലുള്ള സിനിമാ ഗാനങ്ങളും നാടൻ പാട്ടുകളും ഇതിനകം പാടി പോസ്റ്റ് ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷനിലെ സൗമ്യ സ്റ്റുഡിയോ ഉടമയാണ് ശ്യാം.
നാളെ വൈകിട്ട് വൈകിട്ട് 5ന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എരൂർ മാത്തൂരിൽ നടക്കുന്ന ചടങ്ങിൽ ശ്യാമിനെ അനുമോദിക്കും.എം.സ്വരാജ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
2019 സെപ്തംബർ 13നാണ് ഫേസ്ബുക്കിൽ പാട്ടുകൾ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. ഇപ്പോൾ 365 പാട്ടുകൾ പാടി. ആദ്യം അധികം ലൈക്കുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നെ കൂടി കൂടി വന്നു.സ്വന്തമായി ഒരു യു.ട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
പി.ജി ശ്യാം