തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിലെ തരിശുഭൂമിയിൽ നടന്ന ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ്. 72 വർഷമായി തരിശായി കിടന്നിരുന്ന സ്ഥലത്താണ് നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളായ എയറോബിക് ബിൻ, കിച്ചൺബിൻ എന്നിവയിൽ നിന്നുള്ള കമ്പോസ്റ്റ് ഉപയോഗിച്ച് കൃഷി ചെയ്തത്. കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ അഡ്വ.എ.എ.റഷീദ് അദ്ധ്യക്ഷനായി. ജൈവാശം കുറഞ്ഞ മണൽ കലർന്ന മണ്ണിൽ നാലടി വീതിയിലും രണ്ടടി താഴ്ചയിലും ചാലുകൾ കീറി നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണത്തിൽ നിന്നുള്ള വളം നിറച്ച് പരുവപ്പെടുത്തിയാണ് കൃഷിയിറക്കിയത്. കരനെൽകൃഷി കൂടാതെ 10 ഏക്കറിലായി ചേനയും ചേമ്പും വാഴയും കൂവയും ഇഞ്ചിയും മഞ്ഞളുമടങ്ങുന്ന വിവിധയിനം പച്ചക്കറികളും കൃഷി ചെയ്തു.