കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ കലാപഠനകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ട് സംഗീതാദ്ധ്യാപകന്റെ റിലേ നിരാഹാര സത്യാഗ്രഹം.
എറണാകുളം വടുതലയിലാണ് കൊച്ചിൻ കലാക്ഷേത്രയിലെ പ്രധാന അദ്ധ്യാപകനും ഗായകനുമായ സി.എം. ഇസ്മായിൽ രണ്ടു ദിവസമായി സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ആറു മാസമായി തൊഴിലും വരുമാനവും ഇല്ലാതായതോടെ ഉപജീവനമാർഗം വഴിമുട്ടി. വായ്പകൾ തിരിച്ചടയ്ക്കാനാവാതെ വാഹനമുൾപ്പെടെ മുഴുവൻ സമ്പാദ്യങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് ഇസ്മായിൽ പറയുന്നു.
വൃക്കദാനം ചെയ്തതിന്റെ ശാരീരിക അവശതകൾ വകവയ്ക്കാതെയാണ് ഇസ്മായിൽ സത്യാഗ്രഹമിരിക്കുന്നത്. 2004 ൽ സ്വന്തം സഹോദരിക്കു വേണ്ടിയാണ് വൃക്കദാനം ചെയ്തത്. കൊവിഡിന് മുമ്പു വരെ ഉദ്യോഗസ്ഥരുൾപ്പെടെ 500 ലേറെപ്പേർ കലാക്ഷേത്രയിലെ വിവിധ സംഗീതശാഖകളിൽ പരിശീലനം നേടിയിരുന്നു. 28 അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമുൾപ്പെടെ 30 ജീവനക്കാരുമുണ്ടായിരുന്നു. ക്ലാസുകൾ മുടങ്ങിയതോടെ ജീവനക്കാർ സാമ്പത്തിക പ്രതിസന്ധിയിലായി.
പൊതുവിദ്യാലയങ്ങൾക്കൊപ്പമാണ് കലാപഠനകേന്ദ്രങ്ങളും അടുച്ചപൂട്ടിയത്. രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലും അര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെയാണ് പഠിപ്പിക്കുന്നത്.
ഓൺലൈൻപഠനം ആരംഭിച്ചതോടെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ തൊഴിൽ പ്രതിസന്ധി പരിഹരിക്കപ്പെട്ടു. കലാപഠനം ഓൺലൈനിൽ പ്രായോഗികമല്ല. ശിഷ്യഗണത്തെ ആശ്രയിച്ചു നിലനിൽക്കുന്ന കലാ അദ്ധ്യാപകരുടെ ദുരിതം പരിഹരിക്കാതെ തുടരുകയാണ്. രാജ്യമെമ്പാടും യോഗ, ജിംനേഷ്യം തുടങ്ങിയ ശാരീരികപരിശീലന കേന്ദ്രങ്ങൾക്ക് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചിട്ടും രോഗവ്യാപനസാധ്യത കുറവുള്ള കലാകേന്ദ്രങ്ങൾ തുറക്കാൻ അനുവദിച്ചില്ല. കൃത്യമായ ശാരീരികാകലം പാലിച്ചും സമയക്രമീകരണം ഏർപ്പെടുത്തിയും പ്രവർത്തിക്കാനാകും. തിരക്ക് ക്രമീകരിക്കാൻ ഒരു മണിക്കൂർ ഇടവിട്ട് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ അനുവദിച്ചാലും ഉപജീവനമാർഗത്തിന് വഴിതെളിയുമെന്നാണ് ഇസ്മായിൽ പറയുന്നത്.
ഗുരുനാഥനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറെ വിദ്യാർത്ഥികളും സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. ഇസ്മായിൽ അവശനായാൽ സമരം തുടരാൻ സന്നദ്ധനായി സഹപ്രവർത്തകൻ ജിനോയും രംഗത്തുണ്ട്.