കണ്ണൂർ: തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക രക്തജന്യ രോഗികളുടെ വിദഗ്ധ ചികിത്സാ സൗകര്യവും സൗജന്യ മരുന്നുകളും ഒരുക്കുന്നതിന് എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് തന്നെ കൂടുതൽ തലാസീമിയ രോഗികളുള്ള കാസർകോട് ജില്ലയിലും സംവിധാനം നിലവിൽ വന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. ശരണ്യയാണ് കാസർകോട് ജില്ലയിലെ നോഡൽ ഓഫീസർ. രോഗികൾക്ക് സൗജന്യ ജീവൻ രക്ഷാമരുന്നുകളും ബ്ലഡ് ഫിൽട്ടർ സെറ്റുകളും നൽകാൻ ഉടൻ നടപടിയുണ്ടാവും. ഇവരുടെ വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിൽ അഞ്ച് ബെഡും മാറ്റി വയ്ക്കും.
ഇതുവരെ തലാസീമിയ രോഗികൾ മംഗളൂരുവിലോ കോഴിക്കോട് മെഡിക്കൽ കോളേജിലോ ആയിരുന്നു ചികിത്സ തേടിയിരുന്നത്. മംഗളൂരു സർക്കാർ ആശുപത്രികളിൽ നിന്നും രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 18 വയസ്സുവരെയുള്ള കുട്ടികൾക്കും മരുന്ന് സൗജന്യമായിരുന്നു. എന്നാൽ ലോക്ക് ഡൗണും അന്തർസംസ്ഥാനഗതാഗതം പൂർണതോതിലില്ലാത്തതും മൂലം ഇവരുടെ മരുന്നും വിദഗ്ധ ചികിത്സയും മുടങ്ങുന്ന അവസ്ഥയായിരുന്നു. പുതിയ ചികിത്സാ കേന്ദ്രം കാസർകോട് ജില്ലയിലെ രക്തജന്യ രോഗികൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
പ്രായപരിധിയോ വരുമാന പരിധിയോ പരിഗണിക്കാതെ മാരക രക്തജന്യ രോഗികൾക്ക് സമ്പൂർണ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന വളരെക്കാലത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്-
കരീം കാരശേരി
സ്റ്റേറ്റ് ജനറൽ കൺവീനർ
ബ്ളഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള