കോട്ടയം : ഉത്തരവാദിത്ത ടൂറിസം മിഷൻ രംഗത്ത് ഇന്ത്യയിൽ ഏറ്റവും അധികം നേട്ടം കൈവരിച്ച ജില്ലയായി കോട്ടയം മാറി. മൂന്നുവർഷം കൊണ്ടായിരുന്നു കോട്ടയത്തിന്റെ ഈ കുതിച്ചു ചാട്ടം. ജില്ലയെ ലോക ടൂറിസം മാപ്പിൽ വീണ്ടും അടയാളപ്പെടുത്തിയത് പെപ്പർ മാതൃകയാണ്. നാട്ടുകാർക്ക് യാതൊരു പങ്കും ഇല്ലാതിരുന്ന ടൂറിസം വികസനത്തിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ച പദ്ധതിയാണ് 'പെപ്പർ', ടൂറിസം ഗ്രാമം (മോഡൽ ആർ.ടി വില്ലേജ് ) പദ്ധതിയും.
പെപ്പർ ഒരു താലൂക്കിലോ പഞ്ചായത്ത് പ്രദേശത്തോ നടപ്പാക്കുമ്പോൾ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി ഒരു പഞ്ചായത്ത് പ്രദേശത്തോ ഒരു പ്രത്യേക വാർഡിലോ ദ്വീപ് പോലുള്ള ടൂറിസം സാദ്ധ്യത പ്രദേശങ്ങളിലോ നടപ്പാക്കുന്നു. ഈ പദ്ധതികളിലൂടെ പ്രാദേശിക വികസനത്തിന് ടൂറിസം പദ്ധതികൾ രൂപപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്നു. തുടർന്ന് 'വിശേഷാൽ ഗ്രാമസഭ നടത്തും. ടൂറിസം റിസോഴ്സ് ഡയറക്ടറിയും, ടൂർ പാക്കേജുകളും തയ്യാറാക്കി വിവിധ പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. പരിശീലനം കിട്ടിയവർ വിവിധ യൂണിറ്റുകൾ രജിസ്റ്റർ ചെയ്ത് ടൂറിസം മേഖലയിൽ നിന്ന് വരുമാനം നേടിത്തുടങ്ങി.
നേട്ടങ്ങളുടെ നെറുകയിൽ കോട്ടയം
സംസ്ഥാനത്ത് ഏറ്റവും അധികം ആളുകൾക്ക് ടൂറിസം അനുബന്ധ തൊഴിൽ മേഖലയിൽ പരിശീലനം ലഭിച്ചത് കോട്ടയം ജില്ലയിൽ
ജില്ലയിൽ 3000 രേജിസ്റ്റർ ചെയ്ത യൂണിറ്റുകൾ പ്രവർത്തിക്കുന്നു.12712 പേർ വിനോദ സഞ്ചാരമേഖലയുടെ ഗുണഭോക്താക്കളായി മാറി.
മൂന്നു വർഷത്തെ പ്രാദേശിക ടൂറിസ വരുമാനമായ 32.12 കോടി രൂപയിൽ 11 കോടിയുടെ വരുമാനം വഴി ജില്ല ഒന്നാം സ്ഥാനത്താണ്.
140 എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകളിൽ 17 പാക്കേജുകൾ കോട്ടയത്താണ്. ഈ പാക്കേജിലൂടെ 52000 വിനോദ സഞ്ചാരികൾഎത്തി. 1.8 കോടി രൂപയുടെ വരുമാനം പരമ്പരാഗത തൊഴിലാളികൾക്ക് ലഭിച്ചു.
ആകെയുള്ള 3000 യൂണിറ്റുകളിൽ 2418 യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നതും പരിശീലനം നേടിയവരിൽ 90ശതമാനവും സ്ത്രീകളാണ്.
(തുടരും)
.