പട്ടുവം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണുമൊക്കെയായി ഇഷ്ടം പോലെ സമയം ലഭിച്ചപ്പോഴാണ് കണ്ണൂരിന്റെ നെല്ലറയായിരുന്ന പട്ടുവത്തെ കാലങ്ങളായി തരിശിട്ടിരുന്ന പാടശേഖരങ്ങളിൽ ഇക്കുറി കൃഷിയിറക്കിയത്. പരമ്പരാഗത കർഷകകുടുംബങ്ങളിലെ ഉന്നതബിരുദധാരികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമൊക്കെ ഒന്നിച്ചിറങ്ങിയപ്പോൾ വയലിന്റെ പച്ചപ്പ് തിരിച്ചുപിടിച്ചു. പക്ഷെ, പറഞ്ഞിട്ടെന്ത് കാര്യം. വരിനെല്ലും ഇടയ്ക്കിടെയുള്ള മഴയും നിർബാധം വിഹരിക്കുന്ന കാട്ടുപന്നികളും ഇവരെയെല്ലാം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണിപ്പോൾ. ആശിച്ച് തുടങ്ങിയ കൃഷിയിൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന അവസ്ഥയിലാണ് കൃഷിക്കാർ.
നെൽച്ചെടികളിൽ വീണുതിരഞ്ഞും കതിരുകൾ കടിച്ചുതുപ്പിയും വലിയ നഷ്ടമാണ് കാട്ടുപന്നികൾ വരുത്തിവയ്ക്കുന്നത്. വിശാലമായ നെൽപാടങ്ങളും കുന്നുകളുമുള്ള പട്ടുവത്ത് ഇതാദ്യമായാണ് കാട്ടുപന്നികൾ ഇങ്ങനെ നഷ്ടം വരുത്തിവെക്കുന്നതെന്ന് പഴയതലമുറ പോലും പറയുന്നു.
കാട്ടുപന്നികൾ വന്ന വഴി
ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം സമീപകാലത്താണ് തുടങ്ങിയത്. നേരത്തെ പരിയാരം മെഡിക്കൽ കോളേജ് ഭാഗത്താണ് കാട്ടുപന്നികളുണ്ടായിരുന്നത്. ടി.ബി സാനിറ്റോറിയം ഭാഗത്തെ കാടുകളിലായിരുന്നു ഇവ താവളമടിച്ചിരുന്നത്. മുള്ളൻപന്നിയും ഉടുമ്പ്, പെരുമ്പാമ്പ് തുടങ്ങിയവയും ഈ കാടുകളിൽ ധാരാളമായിരുന്നു. മെഡിക്കൽ കോളേജ് കെട്ടിട സമുച്ചയം വന്നതോടെ ഇവയുടെ ആവാസസ്ഥലം ഏറെക്കുറെ നഷ്ടപ്പെട്ടു. ഇതിന് പിന്നാലെ മിക്കയിടത്തും കെട്ടിടങ്ങളുയർന്നതോടെ ഇവയ്ക്ക് പൂർണമായും പിൻവാങ്ങേണ്ടിവന്നു. എമ്പേറ്റുവഴി നരിക്കോട് വയലിലേക്കും പാറമ്മൽ പുഴക്കടവ് വഴി മംഗലശ്ശേരിയിലും മുതുകുട ഈസ്റ്റിലുമെത്തി ഇവ താവളമുറപ്പിച്ചിരിക്കുകയാണ്. പത്തേക്കറോളം വരുന്ന ഇല്ലത്തെ മൊട്ടയിലാണ് പകൽസമയങ്ങളിൽ ഇവ താവളമുറപ്പിക്കുന്നത്.