തൃശൂർ : ഒമ്പത് ലക്ഷം വിലമതിക്കുന്ന പത്ത് കിലോ കഞ്ചാവുമായി ദമ്പതികളടക്കം നാലുപേർ പിടിയിൽ. ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നും വലിയതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തെയാണ് തൃശൂർ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. നിരവധി കേസിൽ പ്രതികളായ തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫർ ഖാൻ (34), റിയാസ് (39), ഷമീർ (31), ഭാര്യ സുമി (26) എന്നിവരെയാണ് ശക്തൻ ബസ് സ്റ്റാൻഡിന് സമീപം അറസ്റ്റ് ചെയ്തത്.
കാറിന്റെ ബോണറ്റിന്റെ ഉള്ളിൽ കഞ്ചാവ് കടത്തുകയായിരുന്നു. ജാഫർഖാനാണ് സംഘത്തലവൻ. ചെക്കിംഗ് ഒഴിവാക്കാനായാണ് ദമ്പതി സുഹൃത്തുകളായ ഷമീറിനെയും ഭാര്യയെയും കൂടെ കൂട്ടിയത്. ആന്ധ്ര വരെ പോകുന്നതിന് പ്രതിഫലമായി ടി.വിയും മേശയും വാങ്ങിത്തരാമെന്നാണ് വാഗ്ദാനം. ചെക്കിംഗ് ഒഴിവാക്കാൻ കാറിന്റെ മുൻസീറ്റിൽ ഇരിക്കണം എന്നാണ് കരാർ. റിയാസ് ഒരു മാസം മുമ്പാണ് ഗൾഫിൽ നിന്നുമെത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത സംഘത്തിൽ സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി ബാബു കെ. തോമസ്, ഈസ്റ്റ് സി.ഐ. ലാൽ കുമാർ , എസ്.ഐ സിനോജ് , ഷാഡോ പൊലീസ് അംഗങ്ങളായ ഗ്ലാഡ്സ്റ്റൺ, രാജൻ , സുവ്രതകുമാർ , റാഫി , എസ്.എസ്.ഐമാരായ ഗോപാലകൃഷ്ണൻ , രാകേഷ് , ഹബീബ്, സദേവ് , സാജ് , സിനീയർ സി.പി.ഒമാരായ പഴനി സ്വാമി, ജീവൻ , വിപിൻ ദാസ്, ഷാരോൺ, അരുൺ വനിതാ പൊലീസുകാരായ സിനി, മിനി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.