ലണ്ടൻ: കൊള്ളയടിച്ച മുതൽ തിരികെ നൽകാനാെരുങ്ങി ബ്രിട്ടീഷ് അധികൃതർ. നാലായിരം വർഷം പഴക്കമുള്ള ശിലാഫലകം ഇറാഖിന് തിരികെ നൽകിയാണ് ബ്രിട്ടീഷ് മ്യൂസിയം മാതൃകയാവുക.
'വെസ്റ്റേൺ ഏഷ്യാറ്റിക് അക്കാഡിയൻ ടാബ്ലെറ്റ്" എന്ന് പേരിട്ടിരിക്കുന്ന ശിലാഫലകം കഴിഞ്ഞ വർഷം ഒരു ഓൺലൈൻ വിൽപ്പനകേന്ദ്രം വിൽപ്പനയ്ക്ക് വയ്ക്കുകയായിരുന്നു. പരസ്യം കണ്ട ലണ്ടൻ പൊലീസ് മ്യൂസിയം അധികൃതരെ വിളിപ്പിച്ച് അത് ഓൺലൈനിൽ നിന്ന് മാറ്റിച്ചു. ചുരുക്കം ചില വിവരങ്ങൾ മാത്രമേ വിൽപ്പനയ്ക്ക് വച്ച ഓൺലൈനിൽ രേഖപ്പെടുത്തിയിരുന്നുള്ളൂ. ഇതിനെ തുടർന്ന് വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ഈ ഫലകം ബി.സി 2400 നടുത്ത് നിലനിന്നിരുന്ന സുമേറിയൻ ക്ഷേത്രത്തിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. വളരെ അപൂർവമായ ക്ഷേത്രഫലകമാണിതെന്നും ഇത്തരത്തിൽ 50 എണ്ണം മാത്രമേ ലോകത്ത് ശേഷിക്കുന്നുവുള്ളൂവെന്നും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇത് കൈമാറ്റം ചെയ്യാൻ തീരുമാനിക്കുന്നത്.
ഇറാഖിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും കൊള്ളയടിച്ച പുരാതന വസ്തുക്കൾ വിലയിരുത്തി തിരികെ നൽകാനുള്ള പ്രവർത്തനങ്ങൾ 2019 ജൂലായിൽ ബ്രിട്ടീഷ് മ്യൂസിയം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. ഫലകം ഇറാഖിലേക്ക് തിരികെ നൽകുന്നതിന് മുമ്പ് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഫലകം പ്രദർശിപ്പിക്കാൻ ഇറാഖ് അനുമതി നൽകിയെന്നും ബ്രിട്ടീഷ് മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.