പാറശാല: പൊഴിയൂരിൽ കൂട്ടുകാരായ വൈദിക വിദ്യാർത്ഥികളുമൊത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തിലെ യുവാവ് മരിച്ചു. വേളി കരിക്കകം കടകംപള്ളി വൃന്ദാവനിൽ (ടി.സി 32/ 785 -1)ബെനഡിക്ടിന്റെയും അച്ചാമ്മയുടെയും മകൻ ബെന്നി ബെനഡിക്ടാണ് (24) മരിച്ചത്. ഇന്നലെ രാവിലെ 8.45 ന് പൊഴിയൂർ പൊഴിക്കരയിലാണ് അപകടം. പത്തംഗ സംഘത്തിൽ ഏഴുപേർ വൈദിക വിദ്യാർത്ഥികളാണ്. ബെന്നി ഉൾപ്പെടെ മൂന്നുപേർ സാമ്പത്തിക പരാധീനത കാരണം വൈദികപഠനം ഉപേക്ഷിച്ചവരാണ്.
സംഘത്തിലെ അഞ്ചുപേർ പൊഴിയൂർ സ്വദേശികളായതുകൊണ്ടാണ് ഇവർ ഇവിടെ ഒത്തുകൂടിയത്. കടലുമായി ചേരുന്ന കായലിൽ
ബെന്നി ഉൾപ്പെടെ നീന്തൽ അറിയാവുന്ന നാലുപേരാണ് കുളിക്കാനിറങ്ങിയത്. കടലിലേക്ക് പൊഴി മുറിച്ച് വിട്ടിരുന്നതിനാൽ ശക്തമായ അടിയൊഴുക്കിൽ പെട്ടാണ് ബെന്നിയെ കാണാതായത്. ഫയർ ഫോഴ്സും കോസ്റ്റ് ഗാർഡും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ
കഴിഞ്ഞില്ല. ഉച്ചയോടെ എത്തിയ ഫയർ ഫോഴ്സിന്റെ സ്കൂബാ ടീമാണ് കായലിന്റെ മറുഭാഗത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു ബെന്നി.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ പോസ്റ്റ് മോർട്ടം നടത്തൂ.മേരി സുശീല, മേരി ബിനിത എന്നിവർ സഹോദരിമാർ ആണ്.