കൊച്ചി: നിധി കമ്പനികളുൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ചേംബർ ഒഫ് നിധി കമ്പനീസ് പ്രസിഡന്റ് ഡോ. ആഷ്ലി ജേക്കബ് മുളമൂട്ടിൽ പറഞ്ഞു. കമ്പനികൾകൾക്കെതിരായ വ്യാജപ്രചാരണങ്ങളെ നിയമപരമായി ചെറുക്കും.
ധനകാര്യ മേഖലയിലുണ്ടായ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുടെ പേരിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, നിധി കമ്പനികൾ, തുടങ്ങിയവയെ പഴിചാരുന്നത് ശരിയല്ല. സംസ്ഥാനത്ത് ഒരു വർഷം രണ്ടുലക്ഷം കോടി രൂപയുടെ വായ്പകൾ നൽകുന്നുണ്ട്. ചെറുതും വലുതുമായ 900 നിധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 18,000 കോടി രൂപയുടെ വായ്പകളാണ് അവ നൽകുന്നത്.
നിധി കമ്പനികൾക്ക് സ്ഥിരനിക്ഷേപങ്ങൾ, റിക്കറിംഗ്, സേവിംഗ്സ് നിക്ഷേപങ്ങൾ എന്നിവ സ്വീകരിക്കാം. കമ്പനിയുടെ ആസ്തിയുടെ 20 മടങ്ങ് നിക്ഷേപങ്ങൾ നിധി കമ്പനികൾക്ക് സ്വീകരിക്കാം.
ഗ്രാമീണമേഖലയിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ കമ്പനി നിയമത്തിന്റെ 406(1) വകുപ്പ് പ്രകാരമാണ് നിധി കമ്പനികൾ സ്ഥാപിക്കപ്പെട്ടത്. ഇവയ്ക്ക് റിസർവ് ബാങ്കിന്റെ അനുമതി വേണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്വർണം, വസ്തു ഈടിന്മേലാണ് വായ്പകൾ നൽകുന്നത്. ഈടില്ലാത്ത വായ്പകൾ നൽകാനും ചിട്ടി നടത്താനും അനുമതിയില്ല.