തിരുവനന്തപുരം: കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനായി ലൈസൻസുകളും അനുമതികളും ഓൺലൈനിൽ പുതുക്കാൻ അവസരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംരംഭകർക്കായി ടോൾ ഫ്രീ സംവിധാനം, ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെൽ എന്നിവയും ഒരുക്കും. വ്യവസായ അറിയിപ്പുകൾ നൽകുന്ന പ്രതിമാസ ഇ-ന്യൂസ് ലെറ്ററായ 'ഇൻവെസ്റ്റ് കണക്ടി"ന്റെ പ്രഖ്യാപനവും നടന്നു.
സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകാനാണ് 1800 890 1030 എന്ന ടോൾ ഫ്രീ നമ്പർ. സംരംഭം തുടങ്ങാൻ ഏതൊക്കെ അനുമതികൾ എവിടെ നിന്നെല്ലാം ലഭിക്കും, എവിടെ നിന്ന് ധന സഹായം ലഭ്യമാകും, എവിടെയെല്ലാം അടിസ്ഥാന സൗകര്യങ്ങൾ നിലവിലുണ്ട് തുടങ്ങി എല്ലാവിധ വിവരങ്ങളും ടോൾ ഫ്രീ നമ്പറിലൂടെ അറിയാം. പുതിയ വ്യവസായ സംരംഭങ്ങൾ, നയപരമായ തീരുമാനങ്ങൾ, സർക്കാരിന്റെ പദ്ധതികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഇൻവെസ്റ്റ് കണക്ട് ന്യൂസ് ലെറ്ററിലൂടെ അറിയിക്കും.
വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യം, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ-ബിപ് സി.ഇഒ. സൂരജ് തുടങ്ങിയവർ പങ്കെടുത്തു