പാലക്കാട്: കൊവിഡ് രോഗികൾ വർദ്ധിച്ചതിനെ തുടർന്ന് പൂർണമായും അടച്ചിട്ട വലിയങ്ങാടിയെ നിബന്ധനകളോടെ കണ്ടെയ്ൻമെന്റ് സോണിൽനിന്നും ഒഴിവാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. പാലക്കാട് ശകുന്തള ജംഗ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനിക്കുന്നത് വരെയുള്ള മേഖലയിൽ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
ജില്ലയിലെ പ്രധാന പച്ചക്കറി മാർക്കറ്റുകളിലൊന്നായ വലിയങ്ങാടി അടച്ചിട്ടതു മുതൽ കടകളിൽ പച്ചക്കറികൾക്ക് ക്ഷാമം നേരിടുകയും വില വർദ്ധിക്കുകയും ചെയ്തിരുന്നു. കൊടുവായൂർ മാർക്കറ്റും കൊവിഡ് വ്യാപനത്തെ തുടർന്ന് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
നിബന്ധനകൾ
കൊവിഡ് രോഗലക്ഷണം ഇല്ലാത്തവർ മാത്രമേ കടകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യാൻ പാടുള്ളു.
തിരക്ക് നിയന്ത്രിക്കുന്നതിനുവേണ്ട നടപടികൾ പൊലീസ് സ്വീകരിക്കണം
ആളുകൾ കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ജീവനക്കാർ തമ്മിലും ഉപഭോക്താക്കൾ തമ്മിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് കട/ സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണം.
എല്ലാ വ്യക്തികളും നിർബന്ധമായും മാസ്ക് ധരിക്കണം. കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും കട/ സ്ഥാപന ഉടമ ഉറപ്പുവരുത്തണം.
ഒരേ സമയത്ത് അകത്തേയ്ക്ക് പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം കട/ സ്ഥാപനത്തിന്റെ വിസ്തൃതി അനുസരിച്ച് നിജപ്പെടുത്തി തിരക്ക് നിയന്ത്രിക്കണം.
ചുമട്ടു തൊഴിലാളികളുടെ വിശ്രമ കേന്ദ്രങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽ സ്ഥാപന ഉടമകളും തൊഴിലാളികളും നിർബന്ധമായും പങ്കെടുത്ത് കോവിഡ് ടെസ്റ്റിന് വിധേയരാകണം.