കിളിമാനൂർ: ജില്ലയിൽ ഏറ്റവുംകൂടുതൽ നെൽക്കൃഷിയുള്ള ബ്ലോക്ക് പഞ്ചായത്തെന്നിരിക്കെ കൊയ്ത്തു മെതിയന്ത്രത്തിന്റെ അപര്യാപ്തത കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളുടെ കാലങ്ങളായുള്ള ആവശ്യമാണ് ബ്ലോക്കിന് കീഴിനെങ്കിലും ഒരു കൊയ്ത്തു മെതിയന്ത്രം വേണമെന്നത്. പലപ്പോഴും യഥാസമയം മെതിയന്ത്രം ലഭിക്കാത്തതിനാൽ പാടശേഖരത്തിലെ പാകമായ നെല്ല് കൊയ്തെടുക്കാനാവാതെ ഇവർ വലയാറുണ്ട്. നഗരൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പടശേഖരമായ വെള്ളല്ലൂർ ഈഞ്ചമൂല പാടശേഖരത്തിൽ കൃഷി ചെയ്ത കർഷകരുടെ അവസ്ഥയാണിത്. നഗരൂർ കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും മേൽ നോട്ടത്തിൽ സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരം ലഭിച്ച മുന്തിയ ഇനം വിത്താണ് ഇവിടെ കൃഷി ചെയ്തത്. നെല്ല് വിളവെടുപ്പിന് പാകമായി തുടങ്ങിയിട്ടു ദിവസങ്ങളായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കാരവാരം ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കൊയ്ത്തു മെതി യന്ത്രം ഇവിടെ ലഭ്യമായിരുന്നു.ഇത്തവണയും ഈ യന്ത്രം ബുക്ക് ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിത മഴ കാരണം നിശ്ചിത സമയത്തു യന്ത്രം ഉപയോഗിക്കാനും കഴിഞ്ഞില്ല.എന്നാൽ ഇപ്പോൾ ഈ യന്ത്രം തിരക്കിലാണെന്നും വിട്ടു തരാൻ ആവില്ലെന്നുമാണ് വേണ്ടപ്പെട്ടവർ അറിയിച്ചതെന്ന് കർഷകർ പറയുന്നു.ഇത്രയേറെ കർഷകരുള്ളപ്പോൾ പഞ്ചായത്തിനോ ബ്ലോക്ക് പഞ്ചായത്തിനോ യന്ത്രം ഉണ്ടായിരുന്നങ്കിൽ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നെന്നും കർഷകർ പറയുന്നു.
ഒന്നാം വിള വിളവെടുപ്പ് വൈകുന്നത് കാരണം രണ്ടാംവിള കൃഷി വൈകുമെന്ന ആശങ്കയിൽ കർഷകർ.
ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൊയ്ത്തുയന്ത്രമുണ്ടങ്കിലും മെതിയന്ത്രമല്ലാത്തതിനാലും, ചെളിക്കെട്ടിൽ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും കർഷകന് വേണ്ടത്ര ഗുണം ലഭിക്കുന്നില്ല.
കാർഷിക കർമ്മ സേന, അഗ്രോ സർവിസ് സെന്റർ, ട്രാക്ടർ, ട്രില്ലർ തുടങ്ങി സ്വന്തമായി എല്ലാ കാർഷിക ഉപകരണങ്ങളും ഉള്ള ബ്ലോക്ക് പഞ്ചായത്തിൽ ഒരു കൊയ്ത് മെതിയന്ത്രം വേണമെന്നുള്ള ആവശ്യം ശക്തമാണ്.
പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പുറത്തുനിന്നുള്ള യന്ത്രം കൊണ്ട് വന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊയ്ത്ത് ആരംഭിച്ചു. ഈഞ്ച മൂലയിലും വരും ദിവസങ്ങളിൽ യന്ത്രം എത്തും.
- എം. രഘു, പഞ്ചായത്ത് പ്രസിഡന്റ്