ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബീഹാറിൽ ആർ.ജെ.ഡി - കോൺഗ്രസ് മഹാസഖ്യത്തിന് വീണ്ടും തിരിച്ചടി. ജിതിൻ റാംമാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് പിന്നാലെ മുൻകേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള ആർ.എൽ.എസ്.പിയും മഹാസഖ്യം വിട്ടു. മായാവതിയുടെ ബി.എസ്.പിയെയും ജനതാന്ത്രിക് പാർട്ടി (സോഷ്യലിസ്റ്റ്) എന്നിവയെ ഉൾപ്പെടുത്തി പുതിയ മുന്നണി രൂപീകരിച്ചു. 243 നിയമസഭാ മണ്ഡലങ്ങളിലും മുന്നണി മത്സരിക്കുമെന്ന് കുശ്വാഹ അറിയിച്ചു. നിതീഷ്കുമാറിന്റെയും ലാലുവിന്റെയും സർക്കാരുകൾ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു.
ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന കുശ്വാഹ 2018 ഡിസംബറിലാണ് രാജിവച്ച് ബീഹാറിലെ പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേർന്നത്. തേജസ്വി യാദവ് അല്ലാതെ മറ്റൊരു മുഖ്യമന്ത്രി മുഖം ഉയർത്തിക്കാട്ടിയില്ലെങ്കിൽ മഹാസഖ്യത്തിൽ തുടരില്ലെന്ന് കുശ്വാഹ നേരത്തെ പറഞ്ഞിരുന്നു.