വടക്കാഞ്ചേരി: ലൈഫ് മിഷൻ പദ്ധതിയിലെ വിവാദത്തിന്റെ പേരിൽ വീട് നഷ്ടപ്പെട്ടതായി സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ച കത്തിന്റെ ഉടമയായ പെൺകുട്ടിയെ കണ്ടെത്താൻ അനിൽ അക്കര എം.എൽ.എ മങ്കരയിൽ മണിക്കൂറുകളോളം കാത്തിരുന്നു. ഒടുവിൽ ,വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി മടങ്ങി. നീതു എന്ന പെൺകുട്ടിയുടേതെന്ന നിലയിൽ ലൈഫ് മിഷൻ കേസ് സി.ബി.ഐ ഏറ്റെടുത്ത ദിവസം മുതൽ അനിൽ അക്കര എം.എൽ.എയെ കുറ്റപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു.
നീതു ജോൺസൺ എന്ന പെൺകുട്ടിയെ കണ്ടെത്താനായുള്ള അനിൽ അക്കര എം.എൽ.എയുടെ ശ്രമം വിജയിച്ചില്ല. ഇതേത്തുടർന്നാണ് ഇന്നലെ മങ്കരയിൽ പന്തൽ കെട്ടി എം.എൽ.എ കുട്ടിക്കായി കാത്തിരിപ്പ് തുടർന്നത്. അടാട്ട് പഞ്ചായത്തിൽ ഭാര്യക്ക് ഭാഗം കിട്ടിയ സ്ഥലത്ത് നീതുവിന് വീട് വച്ചു നൽകാമെന്ന പ്രഖ്യാപനവുമായാണ് എം.എൽ.എയെത്തിയത്. വീടുവച്ചു കൊടുക്കാൻ സഹായം വാഗ്ദാനം ചെയ്ത് രമ്യ ഹരിദാസ് എം.പിയും പന്തലിലെത്തി. ഇന്നലെ രാവിലെ ഒമ്പത് മുതൽ 11 വരെ എം.എൽ.എയും സഹപ്രവർത്തകരും നീതുവിനെയും കാത്തിരുന്നു. കുട്ടിക്ക് തന്റെ മുന്നിൽ വരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ബന്ധുക്കൾ വന്നാലും മതിയെന്നായി എം.എൽ.എ. ആരും എത്താതായപ്പോൾ എം.എൽ.എ നീതു എന്ന കുട്ടിയെ കണ്ടെത്തണമെന്ന പരാതിയുമായി വടക്കാഞ്ചേരി പൊലീസിലെത്തി. നീതു എന്ന പെൺകുട്ടിയെ കണ്ടെത്തുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നം അനിൽ അക്കര എം.എൽ.എ അറിയിച്ചു.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ
സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്റെ അമ്മയുടേതായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെ പോലെ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗൺസിലർ സാറാബാനു ഇടപെട്ട് ലൈഫ്മിഷൻ ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയിരുന്നു. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത്,
പ്ലീസ്.
നീതു ജോൺസൺ, മങ്കര