തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തെ വിലക്കാൻ നിയമനിർമ്മാണത്തിന് സംസ്ഥാനസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ നിയമപരിശോധന നടത്തുന്നുണ്ടെന്ന സൂചന കഴിഞ്ഞദിവസം നൽകിയത് അദ്ദേഹം ഇന്നലെയും ആവർത്തിച്ചു.
ലൈഫ് മിഷൻ ഇടപാടിൽ കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐയെ തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കം നടത്തുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. "കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ അത്തരമൊരു നിലപാട് എടുത്തിട്ടുണ്ട് എന്നുള്ളത് ശരിയാണ്. നമ്മൾ ഇതേവരെ അങ്ങനെയൊന്ന് തീരുമാനിച്ചിട്ടില്ല.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് നിലവിലെ നിയമസംവിധാനം ഫലപ്രദമല്ലെന്ന് കണ്ടതിനെ തുടർന്ന് അത് കുറേക്കൂടി ശക്തമാക്കാനുള്ള നിയമനിർമ്മാണം ആലോചിക്കുന്നുണ്ട്. മറ്റൊരു നിയമനിർമ്മാണവും തന്റെ അറിവിലില്ല"- മുഖ്യമന്ത്രി പറഞ്ഞു.
സി.ബി.ഐയെ കയറൂരി വിടാൻ അനുവദിക്കില്ലെന്ന എൽ.ഡി.എഫ് കൺവീനറുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയപാർട്ടികളും മുന്നണികളും അവരുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് സ്വാഭാവികമാണെന്ന് കഴിഞ്ഞദിവസം പറഞ്ഞത് മുഖ്യമന്ത്രി ആവർത്തിച്ചു. സർക്കാരിന് പക്ഷേ നിയമപരമായ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങൾ പറയാനാകൂ. ആ പരിശോധനയ്ക്ക് ശേഷം പറയാമെന്ന് താനിന്നലെ പറഞ്ഞു. അതുന്നെയാണ് ഇന്നും പറയാനുള്ളത്- മുഖ്യമന്ത്രി വ്യക്തമാക്കി.