നേരിടേണ്ടി വന്നത് അതിക്രൂര പീഡനം
നടുവൊടിച്ചു, ശരീരഭാഗങ്ങൾ മുറിച്ച്, നാക്ക് അറുത്തു
ഡൽഹിയിൽ വൻ പ്രതിഷേധം
ന്യൂഡൽഹി: പൈശാചികമായ ബലാത്സംഗത്തിന് ഇരയായി പതിനഞ്ച് ദിവസത്തോളം കൊടിയ വേദനയുമായി മല്ലിട്ട ഹത്രാസിലെ ദളിത് പെൺകുട്ടി യാത്രയായി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ഗുരുതരമായി മുറിവേറ്റ് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 19കാരി മരിച്ചു. ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അന്ത്യം.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ സന്ദീപ്, രാമു, ലവ്കുഷ്, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 14ന് പാടത്ത് പുല്ല് വെട്ടാനായി അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം പോയ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
സഹോദരൻ പുല്ലുമായി വീട്ടിലേക്ക് പോയപ്പോൾ അമ്മയും പെൺകുട്ടിയും പാടത്ത് തന്നെ നിന്നു. അമ്മ മുന്നോട്ട് നീങ്ങിയപ്പോൾ, പിന്നിലൂടെത്തിയ നാലംഗ സംഘം പെൺകുട്ടിയുടെ ഷാൾ കഴുത്തിൽ ചുറ്റി ബാജ്റ വിളകൾക്കിടയിലൂടെ വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കുട്ടിയുടെ നാവ് മുറിച്ചെടുത്തു. പെൺകുട്ടിയുടെ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾ തളർന്നു.
മകൾ വീട്ടിലേക്ക് പോയെന്ന ധാരണയിൽ അമ്മയും മടങ്ങി. എന്നാൽ വീട്ടിൽ മകളെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് ശരീരമാകെ മുറിവേറ്റ് നട്ടെല്ല് തകർന്ന നിലയിൽ പാടത്ത് നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. പിൻകഴുത്തിലെ മൂന്ന് എല്ലുകൾ പൊട്ടിമാറിയ നിലയിലായിരുന്നു. ആദ്യം അലിഗഡ് ജെ.എൻ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ, ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ഡൽഹിയിലേക്ക് മാറ്റി. അടിയന്തിര സഹായമെന്ന നിലയിൽ പെൺകുട്ടിയുടെ കുടുംബത്തിന് യു.പി. സർക്കാർ 4.12 ലക്ഷം രൂപ നൽകിയിരുന്നു.
കേസെടുക്കാത്ത പൊലീസ്
സംഭവ ദിവസം തന്നെ പരാതി നൽകിയിട്ടും ഉന്നത ജാതിയിൽപ്പെട്ട പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. പ്രതിഷേധങ്ങൾക്കൊടുവിലാണ് അഞ്ചാം ദിവസം കേസെടുത്തതും പ്രതികളെ പിടികൂടിയതും.
ഡൽഹിയിൽ വൻ പ്രതിഷേധം
രാജ്പഥിൽ കോൺഗ്രസിന്റെയും ഭീം ആദ്മി പ്രവർത്തകരുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നു. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത് സംഘർഷത്തിനിടയാക്കി. 36 പേരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു. ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിലായിരുന്നു ഭീം ആദ്മി പ്രവർത്തകരുടെ പ്രതിഷേധം. ഉത്തർപ്രദേശിലെ ലക്നൗ അടക്കമുള്ള സ്ഥലങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
യു.പിയിൽ നിലയ്ക്കാത്ത നിലവിളികൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നത് ഉത്തർപ്രദേശിൽ നിത്യസംഭവമെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരിയിൽ ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓരോ രണ്ട് മണിക്കൂറിലും ഉത്തർപ്രദേശിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നു. അതിൽ തന്നെ ഓരോ ഒന്നര മണിക്കൂറിലും ഓരോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയാകുന്നു. 2018ൽ മാത്രം 4,322 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതായത് ദിവസം ചുരുങ്ങിയത് 12 എണ്ണം. ഇതിൽ 144 എണ്ണം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. 2015 നും 19നും ഇടയിൽ 9,700 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് പീഡനത്തിനിരയായതെന്ന് യു.പി. സർക്കാർ കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ആകെ 1,105 കേസുകളിലാണ് പ്രതികളെ പിടികൂടാനായത്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമം ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് യു.പിയെന്ന് 2018 ലെ കണക്കുകൾ വ്യക്തമാക്കുന്നു.ജാതീയമായും സാമ്പത്തികമായുമുള്ള വേർതിരിവുകൾ നിലനിൽക്കുന്ന യു.പിയിൽ അതിക്രമങ്ങളിൽ പൊറുതിമുട്ടി പരാതിപ്പെട്ടാലും കേസെടുക്കാൻ വിസമ്മതിക്കുന്ന ഒരു വിഭാഗം പൊലീസുകാരുണ്ടെന്നതാണ് ദയനീയം. ഉന്നാവ പീഡനകേസ് ഇതിന് ഉദാഹരണമാണ്. സ്ത്രീകൾക്കെതിരെ സ്ഥിരമായി അതിക്രമങ്ങൾ നടത്തുന്നവരെ സമൂഹത്തിൽ തുറന്നുകാട്ടാനായി ‘ഓപ്പറേഷൻ ദുരാചാരി,പൂവാലശല്യത്തിൽ നിന്നു രക്ഷിക്കാൻ ‘ആന്റി–റോമിയോ സ്ക്വാഡുകൾ’ യുപി സർക്കാർ രൂപീകരിച്ചിരുന്നു. എന്നിട്ടും അതിക്രമത്തിൽ കുറവൊന്നുമുണ്ടായില്ലെന്ന് എൻ.സി.ആർ.ബി റിപ്പോർട്ട് (2018)
ഹത്രാസിൽ പൈശാചിക ക്രൂരകൃത്യത്തിനിരയായ ദലിത് പെൺകുട്ടി സഫ്ദർജംഗ് ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി അവൾ മരണത്തിനും ജീവിതത്തിനുമിടയിൽ പോരാട്ടത്തിലായിരുന്നു.'യു.പിയിലെ ക്രമസമാധാന നില അങ്ങേയറ്റം തകർന്നു. സ്ത്രീകൾക്ക് യാതൊരുവിധ സുരക്ഷയുമില്ല. അക്രമികൾ പരസ്യമായി കു റ്റകൃത്യത്തിൽ ഏർപ്പെടുന്നു.
-പ്രിയങ്ക ഗാന്ധി
പെൺകുട്ടികൾക്ക് നേരെ അതിക്രമം കാണിക്കുന്നവരെ പൊതുമദ്ധ്യത്തിൽ വെടിവച്ച് കൊല്ലണം
-കങ്കണ റണാവത്ത്,ബോളിവുഡ് നടി.
എന്ന് അവസാനിക്കും ഈ പീഡനങ്ങൾ. പെൺകുട്ടിയെ ഉപദ്രവിക്കണമെന്ന ചിന്ത ഉള്ളിൽ വരുമ്പോൾ തന്നെ പേടിപ്പിക്കും വിധത്തിൽ നിയമസംവിധാനം മാറേണ്ടിയിരിക്കുന്നു. കുറ്റക്കാരെ തൂക്കിലേറ്റണം.
-അക്ഷയ് കുമാർ,ബോളിവുഡ് നടൻ.
ഇനിയും എത്രകാലം ഇത് സഹിക്കണം
-ഫർഹാൻ അക്തർ, ബോളിവുഡ് നടൻ.